rubber-checkdam

കാസർകോട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ റബർ ചെക്ക് ഡാം നിർമാണം അവതാളത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളപ്പൊക്കം വന്നതോടെയാണ് ഡാം നിർമ്മാണം പ്രതിസന്ധിയിലായത്. കാലിക്കടവ് പറമ്പത്ത് വഴി ഏച്ചിക്കുളങ്ങരയിലേക്ക് പോകുന്നതിന് മാണിയാട്ട് തോടിന് കുറുകെയാണ് 26 ലക്ഷം രൂപ ചിലവിൽ ഡാം പണിയുന്നത്. തടയണയുടെ പില്ലറുകളുടെ കോൺക്രീറ്റ് പണിക്കിടെയാണ് കനത്ത മഴവന്നത്. ഇതിനായി നീക്കം ചെയ്ത ലോഡ് കണക്കിന് മണ്ണ് മലവെള്ളത്തിൽ ഒലിച്ചുപോയി. ഇതോടെ ദിവസം നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന സമീപത്തെ നടപ്പാലം അപകടാവസ്ഥയിലുമായി കനത്ത മഴയിൽ കുഴിയെടുത്ത ഭാഗത്തെ മണ്ണും പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച കവുങ്ങും തെങ്ങും തോട്ടിലേക്ക് വീണു. കഴിഞ്ഞ മാർച്ചിലാണ് നിർമ്മാണം തുടങ്ങിയത്. ഈ മാസം പൂർത്തിയാക്കാനായിരുന്നു അധികൃതർ ലക്ഷ്യമിട്ടത്. അതേസമയം കരാറുകാരന്റെ അനാസ്ഥയാണ് തടയണ പ്രവൃത്തി വൈകിയതും നടപ്പാലത്തിന് ഭിഷണിയായതുമെന്നാണ് നാട്ടുകാർ പറയുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ആദ്യ റബ് ചെക്ക് ഡാമുകളിലൊന്ന് ഇവിടെ സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷമാണ് കാസർകോട് ജില്ലയിലെ അഞ്ച് പ്രദേശങ്ങളിൽ ചെക്ക് ഡാം അനുവദിച്ചത്. ജല പരിപാലനത്തിനും വെളളപ്പൊക്ക പ്രതിരോധത്തിനും വേണ്ടി ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ സംവിധാനമായിരുന്നു ഇത്. റബ്ബർ ചെക്ക് ഡാമുകൾക്ക് 1.5 മീറ്റർ മുതൽ 2.5മീറ്റർ വരെ സംഭരണ ഉയരമുണ്ടാകും. ദക്ഷിണേന്ത്യയിൽ ഊട്ടിയിൽ മാത്രം നിർമ്മിച്ചിട്ടുളള റബ്ബർ ചെക്ക്ഡാം എന്ന നൂതന ആശയം വ്യാപകമായി നിർമ്മിക്കുന്നതോടെ കാസർകോട് ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

ബൈറ്റ്
വേനൽകാലത്ത് തന്നെ പൂർത്തിയാക്കും എന്ന് പറഞ്ഞാണ് അണക്കെട്ട് നിർമ്മാണം തുടങ്ങിയത്. അതുകൊണ്ട് ഞങ്ങളും സഹകരിച്ചു. അവരുടെ അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ചെത്ത് കല്ല് വെച്ച് ഉയർത്തിയാണ് നടപ്പാലം സംരക്ഷിച്ചത്. അതിന്റെ ഗതിയും വെള്ളത്തിലായി. ജെ.സി.ബി കൊണ്ടുവന്ന മണ്ണിട്ടതിനാൽ നമുക്ക് വയലിലേക്ക് ഇറങ്ങാനും പറ്റാതായി

നാട്ടുകാരൻ