മുക്കം: കൊവിഡ് പോലും വകവയ്ക്കാതെ ഇരുട്ടിന്റെ മറവിൽ യഥേഷ്ടം തുടരുന്ന മണൽ കൊള്ള തടയാൻ മറ്റുമാർഗമില്ലാതെ ഒടുവിൽ പൊലീസ് അവസാനത്തെ അടവ് പ്രയോഗിച്ചു. മണലെടുപ്പ് നടത്തുന്ന കടവുകളിലേയ്ക്ക് വാഹനമിറക്കുന്നത് തടയാൻ അത്തരം കടവുകൾ കല്ലിട്ട്അടച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ മണൽകൊള്ള തുടരുന്ന വിവിധ കടവുകളിലാണ് ലോറിയിൽ കല്ല് കൊണ്ടു വന്നിട്ട് മാർഗതടസ്സം സൃഷ്ടിച്ചത്. രാത്രികളിലാണ് ഈ കടവുകളിൽ നിന്ന് അനധികൃത മണൽവാരൽ തുടരുന്നത്. പൊലീസിന്റെ നീക്കം നിരീക്ഷിച്ച് അപ്പപ്പോൾ വിവരം നൽകാൻ ഇരുചക്രവാഹനങ്ങളിൽ അനവധി ചെറുപ്പക്കാരാണ് കറങ്ങുന്നത്. പൊലീസാണെങ്കിൽ ലോക്ക് ഡൗൺ കർശനമാക്കാനും നിയമം ലംഘിച്ച് കറങ്ങുന്നവരെ പിടികൂടാനുമുള്ള ഭാരിച്ച ചുമതല നിർവഹിക്കാൻ നിർബ്ബന്ധിതരും. ഇതിനിടയിലും ഈയടുത്ത ദിവസം ചെറുവാടി കടവിൽ നിന്ന് പൊലീസ് ഒരു ലോറി സാഹസികമായി പിടികൂടിയിരുന്നു. എന്നിട്ടും മണൽകടത്ത് കുറഞ്ഞില്ല. തുടർന്നാണ് കാരശ്ശേരി പഞ്ചായത്തിലെ കാരശ്ശേരി കടവും
കൊടിയത്തൂർ പഞ്ചായത്തില ചെറുവാടി കടവും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുക്കം പൊലീസ് കല്ലിട്ട് അടച്ചത്. സബ് ഇൻസ്പക്ടർ കെ. രാജീവൻ, എ.എസ്.ഐ സലിം മുട്ടാത്ത്, ഹോംഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് കടവുകൾ കല്ലിട്ട് അടച്ചത്.