ഉത്സവപ്പറമ്പിലെ ജനക്കൂട്ടത്തിന്റെ പൊട്ടിച്ചിരിക്കു നടുവിൽ നിന്ന് സിനിമയെന്ന മായാപ്രപഞ്ചത്തിന്റെ ഉയരങ്ങളിലേക്ക് കയറാൻ സുനീഷ് വാരനാടിന് ആരും കല്പടവുകൾ ചമച്ചില്ല. മനസിൽ കഥകളുടെ മുള പൊട്ടിയ കാലം മുതൽ സൂക്ഷിച്ചിരുന്നൊരു ലക്ഷ്യമായിരുന്നു സിനിമ. ഋതുക്കളുടെ മാറ്റങ്ങൾക്കനുസരിച്ച് പരിശ്രമത്തിന്റെ വളവും ആത്മവിശ്വാസത്തിന്റെ നീരും നൽകി ലക്ഷ്യത്തെ പരിപോഷിപ്പിച്ചു. കാലക്രമത്തിലെ വളർച്ചയ്ക്കൊടുവിൽ മലയാള സിനിമയുടെ വെള്ളിത്തിരയിൽ സുനീഷ് വാരനാട് എന്ന പേരും വർണ്ണങ്ങളിൽ തെളിഞ്ഞു. മഞ്ജുവാര്യർ കൂളിംഗ് ഗ്ളാസ് ധരിച്ച് തിമിർത്ത ആദ്യ തിരക്കഥ 'മോഹൻലാൽ" നിർമ്മാതാവിനെ തെല്ലും നോവിച്ചില്ല, ഭേദപ്പെട്ട അഭിപ്രായവും സമ്മാനിച്ചു. ആ അഭിപ്രായങ്ങളുടെ അടിത്തറയിൽ എഴുതിപ്പൊക്കിയ തിരക്കഥയിലുള്ള അടുത്ത ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തും-'ഈശോ".
സുനീഷിന്റെ മനസു നിറയെ കഥകളാണെന്നത് അടുത്തറിയുന്നവരുടെ ബോദ്ധ്യമാണ്. ചുറ്റും കണ്ണോടിക്കുമ്പോൾ മനസിലുടക്കുന്ന എന്തിലും കഥാകഥനത്തിന്റെ ഒരു സാദ്ധ്യത അദ്ദേഹം കണ്ടെത്തും. ആവശ്യാനുസരണം പൊടിപ്പും തൊങ്ങലും വച്ച് മറ്റുള്ളവരിലേക്ക് അത് സന്നിവേശിപ്പിക്കാനുള്ള വിരുത് അസാധാരണവും ആദ്യാവസാനം കേട്ടിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഹൃദ്യമായ അവതരണവുമാണ്.
മിമിക്രിയിൽ നിന്നുള്ള തുടക്കം
സ്കൂൾ , കോളേജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത് ആത്മബലമായി.ചേർത്തലയ്ക്കടുത്തുള്ള വാരനാട് ഗ്രാമത്തിലെ ചില കൂട്ടുകാരുമായി ചേർന്ന് ചെറിയ മിമിക്രി ട്രൂപ്പും തട്ടിക്കൂട്ടി.'കരിക്കേച്ചർ ഷോ "എന്ന വ്യത്യസ്തമായ ഏകാംഗ പരിപാടിയുമായി ജയരാജ് വാര്യർ കളം നിറഞ്ഞു നിൽക്കുന്ന കാലം. വീഡിയോ കാസെറ്ര് കണ്ടാണ് വാര്യർ ഷോയുടെ സാദ്ധ്യത മനസിലാക്കിയത്. കോളേജിൽ അതൊന്നു പകർത്തി പരീക്ഷിച്ചു. സംഗതി ജോർ. അതോടെ ഉത്സവപ്പറമ്പുകളിൽ പരിപാടികൾ കിട്ടിത്തുടങ്ങി, ചില്ലറവരുമാനവുമായി. ഈ സമയത്ത് അച്ഛന്റ മരണം വല്ലാതെ ഒന്നുലച്ചു, എങ്കിലും പകച്ചില്ല. എഴുത്തെന്ന ലക്ഷ്യമുള്ളതിനാൽ ഡിഗ്രി കഴിഞ്ഞ് കാക്കനാട് കേരള പ്രസ് അക്കാഡമിയി( ഇന്നത്തെ മീഡിയ അക്കാഡമി)ലേക്ക് . പത്ര പ്രവർത്തന പഠനം പൂർത്തിയാക്കി.
അപ്പോഴും സ്റ്രേജ് പരിപാടികൾ കൈവിട്ടില്ല. ആറ്റിങ്ങൽ ശാർക്കര ക്ഷേത്രത്തിലെ ഉരുൾ വഴിപാടിനോടനുബന്ധിച്ച് മിമിക്രി പരിപാടിക്ക് അവസരം കിട്ടി. പ്രധാന വേദിയിൽ ജയരാജ് വാര്യരുടെ ഷോ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാനായി ചെന്നു. അപ്പോഴേക്കും തന്റെ പരിപാടി അടിച്ചുമാറ്റിയ വിരുതനെക്കുറിച്ച് വാര്യർ അറിഞ്ഞിരിക്കുന്നു. ഏകലവ്യന്റെ പരിഗണന തനിക്ക് തരണമെന്ന സുനീഷന്റെ വരം ചോദിക്കൽ കേട്ട വാര്യർ കുലുങ്ങി ചിരിച്ചു, ഒപ്പം കൂടെ കൂട്ടി. പലപ്പോഴും ജയരാജ് വാര്യർക്ക് പകരക്കാരനായി പോകേണ്ടിയും വന്നു. പക്ഷേ ഒരിക്കലും അദ്ദേഹത്തെ അനുകരിക്കാതെ സ്വന്തമായ ശൈലിയിൽ നർമ്മങ്ങളും അവതരണവും കോർത്തിണക്കിയതോടെ വേദികളിലെ തിരക്കുള്ള താരമായി.ഇതിനിടെ 'കേരളകൗമുദി"യിൽ പത്രപ്രവർത്തകനായി.
അബിയിലൂടെ
എഴുത്തിലേക്ക്
മിമിക്രി രംഗത്തെ സൂപ്പർ സ്റ്റാറായിരുന്ന അന്തരിച്ച അബിയുമായി പരിചയത്തിലാവുന്നത് ഇക്കാലത്താണ്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം 'കലാതിലകം" എന്നൊരു ഹാസ്യ നാടകം എഴുതി. തുടക്കം പാളിയില്ല. ഏഷ്യാനെറ്റിലെ സുപ്രഭാതം പരിപാടിയിലും ദൂരദർശന്റെ നിശാഗന്ധിയിലും അവതാരകനായി. പത്രമേഖലയിൽ നിന്ന് പിന്നീട് എഫ്.എം റേഡിയോയിലെത്തി. തുടർന്ന് ഇന്ത്യാവിഷനിൽ 'പൊളിട്രിക്സ്", പിഷാരടിയുടെ ബഡായി ബംഗ്ളാവ് (സ്ക്രിപ്റ്ര്) തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധേയനായി.സുഹൃത്തായ ഗായകൻ നിഖിലിലൂടെ സൈജു കുറുപ്പിന്റെ സംഘത്തിലേക്കായി അടുത്ത യാത്ര.
ഇതൊക്കെ നടക്കുമ്പോഴും സമാന്തരമായി ലാൽ ജോസ് ,വി.എം.വിനു അടക്കമുള്ള സംവിധായകരുടെ മുന്നിൽ കഥപറച്ചിലും സ്റ്റേജ് ഷോകൾക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റ് എഴുത്തും നിഷ്ഠപോലെ നടന്നു.സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ളവർക്കൊപ്പം വിദേശങ്ങളിലടക്കം സ്റ്റേജ് ഷോകൾക്കുള്ള അവസരം കിട്ടി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഭാഗ്യവശാൽ നല്ല പേരു നേടാനായി. വ്യക്തിപരമായ ധാരാളം സൗഹൃദങ്ങളുമായി.നാദിർഷാ, ജയസൂര്യ തുടങ്ങിയവരുടെയൊക്കെ കൂട്ടായ്മയിൽ ഉൾപ്പെട്ടു. ഈ ഘട്ടത്തിലാണ് സാജിദ് യഹിയ തന്റെ മനസിലുള്ള കഥ പറയുന്നത്. മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായ ദിവസം ജനിക്കുന്ന പെൺകുട്ടി, മോഹൻലാലിന്റെ കടുത്ത ആരാധികയായി മാറുന്ന പെൺകുട്ടി.ഇതായിരുന്നു യഹിയ പറഞ്ഞ കഥയുടെ കാതൽ.മോഹൻലാലെന്ന മഹാനടനെ തൊട്ടുള്ള കളി. വളരെ തന്മയത്വത്തോടെ സുനീഷ് , കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതി. 'ലാലേട്ടൻ അറ്റ് 36" എന്ന ഷോയുടെ സ്ക്രിപ്റ്ര് എഴുത്തിൽ പങ്കാളിയാവുന്നതും ഇതേ സമയത്താണ്. മോഹൻലാലുമായി ആ സമയത്തുണ്ടായ അടുപ്പം മറ്റൊരു അനുഗ്രഹമായി. മഞ്ജുവാര്യർ 'മോഹൻലാലിൽ "നായിക കഥാപാത്രമായെത്തി.ചിത്രം തരക്കേടില്ലാത്ത വിജയവും. ഇതേ സമയത്താണ് മോഹൻലാൽ സംഘത്തിനൊപ്പം ആസ്ട്രേലിയയിൽ സ്റ്റേജ് ഷോയ്ക്കുള്ള അവസരം കിട്ടുന്നത്.
കൊവിഡ് എന്ന പുതിയ അനുഭവം
ഇത്തരം ദുരന്ത സന്ദർഭങ്ങളിൽ ആദ്യം അടയ്ക്കേണ്ടിവരുന്നതും അവസാനം തുറക്കുന്നതും കലാപരിപാടികളുടെ കേന്ദ്രങ്ങളാവും. സ്റ്റേജ് പരിപാടികൾ, സിനിമാ-സീരിയൽ ചിത്രീകരണം എല്ലാം നിലച്ചതോടെ ഇതൊക്കെ കൊണ്ട് ജീവിതം നെയ്യുന്ന നൂറുകണക്കിനാൾക്കാർ പ്രതിസന്ധിയിലായി. വെറുതെ ഇരിക്കേണ്ട വേളയിലാണ് നാദിർഷയോട് ' ഈശോ " എന്ന കഥ പറയുന്നത്. താരതമ്യേന ചെറിയ രീതിയിലുള്ള വ്യത്യസ്തമായ കഥ.നാദിർഷയ്ക്ക് ഇഷ്ടമായി, ജയസൂര്യ താത്പര്യം കാട്ടിയതോടെ പ്രോജക്്ട് യാഥാർത്ഥ്യത്തിലേക്ക് നീങ്ങി. നമിതാ പ്രമോദ്, ജാഫർ ഇടുക്കി തുടങ്ങിയ ആർട്ടിസ്റ്റുകളെ നിശ്ചയിച്ചു. അങ്ങനെ ആദ്യ ലോക്ക് ഡൗണിൽ സുനീഷ് വാരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ 'ഈശോ" യുടെ പൂർണ്ണരൂപമായി. മുണ്ടക്കയം, കുട്ടിക്കാനം, തിരുവനന്തപുരം, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കി.
വാരനാടൻകഥകൾ
ഈശോ പൂർത്തിയാക്കിയ ശേഷമുള്ള ഇടവേളയിലാണ് ആദ്യ പുസ്തകം 'വാരനാടൻ കഥകളു"ടെ പിറവി. ഫേസ്ബുക്കിലും പിന്നീട് പ്രശാന്ത് നാരായണന്റെ ആവശ്യപ്രകാരം 'കളം"ഓൺലൈൻ പോർട്ടലിലും എഴുതിയ വാരനാടുമായി ബന്ധപ്പെട്ട രസകരമായ 21 കഥകൾ. ലോഗോസ് ബുക്സിന്റെ സാരഥി അജിത്ത് അത് പുസ്തകമാക്കാൻ തയ്യാറായി. 'ഹലോ മൈക്ക് ടെസ്റ്റിംഗ് "എന്ന അടുത്ത പുസ്കകത്തിന്റെ രചനയിലാണ് ഇപ്പോൾ. ഒപ്പം പിഷാരടി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഴുത്തും തുടങ്ങി. നാടകവും എഴുത്തും ഒപ്പംകൊണ്ടു നടന്ന അച്ഛൻ കെ. സദാശിവൻ നായരിൽ നിന്നു കിട്ടിയ പൈതൃക സമ്പത്താണ് കലാവാസന. വാരനാട് മാക്ഡവൽ കമ്പനിയിലെ ഉദ്യോഗവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം സ്വദേശികളായ അച്ഛനും അമ്മ ഓമന അമ്മയും അവിടെയെത്തുന്നത്. ഭാര്യ സുനിത എം.ജി.സർവ്വകലാശാലയിൽ ഉദ്യോഗസ്ഥയാണ്.മകൻ നാലാം ക്ളാസ് വിദ്യാർത്ഥി ദേവാംശ്.