online-class

വിദ്യാലയങ്ങളിലും കലാലയങ്ങളിലും കുട്ടികൾ നിറയുന്ന ആഘോഷാന്തരീക്ഷം കൊവിഡ് മഹാമാരി തട്ടിയെടുത്തിട്ട് വർഷം ഒന്നു തികയുന്നു. സ്ഥിതി മെച്ചപ്പെടുമെന്നു കരുതിയെങ്കിലും കൂടുതൽ ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഇത്തവണയും പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നത്. കുട്ടികൾ പൂർണമായും വീട്ടിലിരുന്നു പഠിക്കേണ്ടിവരുമോ എന്ന ആശങ്ക ഇക്കുറിയുമുണ്ട്. പ്രതികൂലാവസ്ഥയിലും ജൂൺ ഒന്നിനു തന്നെ ഓൺലൈൻ അദ്ധ്യയനം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളിൽ നിന്നുൾക്കൊണ്ട പോരായ്മകൾ പരിഹരിച്ചും പാഠഭാഗങ്ങൾ കൂടുതൽ ആകർഷകമാക്കിയും ക്ളാസുകൾ അവതരിപ്പിക്കാനാണ് ശ്രമം. പുതിയ രീതിയുമായി കുട്ടികൾ പരിചിതരായിക്കഴിഞ്ഞതിനാൽ ഓൺലൈൻ ക്ളാസുകളുടെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. എന്നാലും ക്ളാസിലിരുന്നു പഠിക്കുന്ന അദ്ധ്യയനാനുഭവം അകലെത്തന്നെയാണെന്ന പരിമിതി ഒപ്പമുണ്ട്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പുതിയ പഠനരീതി ദുഷ്‌കരമാവുന്നത്.

ജൂൺ ഒന്നിനു സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ തുടങ്ങുമെന്നു പറയുമ്പോഴും പാഠപുസ്തകങ്ങൾ ഇനിയും കുട്ടികളുടെ കൈയിൽ എത്തിയിട്ടില്ലെന്ന യാഥാർത്ഥ്യം നിലനില്‌ക്കുന്നു. ജൂൺ പതിനഞ്ചോടെ പുസ്തകവിതരണം പൂർത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എല്ലാം കൊവിഡിനു തലയിൽ വച്ചുകെട്ടാൻ എളുപ്പമാണല്ലോ. കൊവിഡിന്റെ രണ്ടാംവരവ് കടുക്കുന്നതിനു മുമ്പ് ധാരാളം സമയമുണ്ടായിരുന്നത് പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ജൂൺ ഒന്നിനു മുൻപേ പാഠപുസ്തക വിതരണം പൂർത്തിയാകുമായിരുന്നു.

വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം സ്കൂൾ തലത്തിലും അദ്ധ്യാപകരെ പങ്കടുപ്പിച്ച് ക്ളാസുകളൊരുക്കി കുട്ടികളെ സഹായിക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. പ്രയാസമുള്ള വിഷയങ്ങളുടെ കാര്യത്തിലെങ്കിലും ഈ മാർഗം പരീക്ഷിക്കാവുന്നതാണ്. ഗ്രഹണശേഷി കുറഞ്ഞ കുട്ടികൾക്ക് അതു വലിയ അനുഗ്രഹമാകും.പ്രൈമറി ക്ളാസുകളിലെ, പ്രത്യേകിച്ച് ഒന്നും രണ്ടും ക്ളാസുകളിലെ കുട്ടികളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ തന്നെ വേണ്ടിവരും. കേന്ദ്രീകൃത ഡിജിറ്റൽ ക്ളാസിനു പുറമെ ബന്ധപ്പെട്ട അദ്ധ്യാപകരുടെ ഇടപെടൽ കൂടിയുണ്ടെങ്കിലേ ഇവരെ അദ്ധ്യയനത്തിന്റെ ശരിയായ പാതയിൽ എത്തിക്കാനാവൂ. ക്ളാസിൽ നേരിട്ടുള്ള പഠനം നടന്നപ്പോൾ പോലും അക്ഷരമാല തീർത്തും അറിയാവുന്ന കുട്ടികൾ കുറവാണെന്ന ആക്ഷേപം നിലനിന്നിരുന്നു. അതുപോലെ പത്ത്, പന്ത്രണ്ട് ക്ളാസുകാർക്കും പ്രത്യേക ശ്രദ്ധ വേണ്ടിവരും. മഹാമാരി വ്യാപനം രൂക്ഷമായ ഘട്ടത്തിൽത്തന്നെയാണ് പത്തും പന്ത്രണ്ടും ക്ളാസുകളുടെ പൊതുപരീക്ഷ വിജയകരമായി പൂർത്തിയാക്കിയത്. അതിനു സ്വീകരിച്ച കരുതലും ജാഗ്രതയും മുതിർന്ന ക്ളാസുകൾ ഘട്ടംഘട്ടമായി സംഘടിപ്പിക്കുന്നതിലും പരീക്ഷിക്കാവുന്നതേയുള്ളൂ.

പാടേ താളം തെറ്റിക്കിടക്കുന്ന പ്രവേശന പരീക്ഷകൾ ഉൾപ്പെടെ പലതും ക്രമപ്പെടുത്തുക എന്ന വലിയ ജോലിയും അധികൃതരുടെ മുമ്പിലുണ്ട്.