വർക്കല: പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വർക്കല നഗരസഭയിലെ ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. 20 ദിവസമായി നഗരസഭ പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. വാൽവ് ക്രമീകരണം നടത്തി ജലവിതരണം നടത്തുന്നുണ്ടെങ്കിലും മുഴുവൻ സ്ഥലത്തേക്കും ജലം എത്താത്തതിന്റെ കാരണം കണ്ടെത്തണം. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ ആർ. അനിൽകുമാറും മറ്റു കൗൺസിലർമാരും ഇത് സംബന്ധിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി. നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ആവശ്യമായ വെള്ളത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് വാമനപുരം പദ്ധതിയിലൂടെ ലഭിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയിലുടെ 5,000 പുതിയ കണക്ഷനുകൾ ലഭ്യമാക്കിയതിന് പിന്നാലെ ഭാവിയിൽ 20,000 പുതിയ കണക്‌ഷനുകളും നൽകാനാണ് നീക്കം. ഇതു മുന്നിൽ ക്കണ്ടു പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ബി.ജെ.പി. കൗൺസിലർമാർ അധികൃതരോട് ആവശ്യപ്പെട്ടു.