സർവ്വസാധാരണമായ വികാരപ്രകടനമാണ് ദേഷ്യം. എന്നാൽ, അവസരോചിതമായി അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതത്തിലും സമൂഹത്തിലും നിരവധി ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
ചെറിയകാരണങ്ങൾക്ക് പെട്ടെന്ന് ദേഷ്യപ്പെടുന്നവരെ മുൻകോപികൾ എന്നാണ് വിളിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുന്നതിൽ പ്രധാന വില്ലനാണ് മുൻകോപം. സ്വന്തം ജീവിതത്തിൽ പിന്നീട് എന്തൊക്കെ നഷ്ടമുണ്ടാകാമെന്ന് ചിന്തിക്കാൻ കൂടി സാവകാശമില്ലാതെ പെരുമാറുന്നവരാണ് മുൻകോപികൾ. വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് ചില ദേഷ്യക്കാരുടെ രീതി. വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന പ്രയോഗംതന്നെ ഇത്തരക്കാരെ മുന്നിൽ കണ്ടുകൊണ്ട് ഉണ്ടായതാണോ എന്ന് തോന്നിപ്പോകും.
സ്ത്രീകളെക്കാൾ മുൻകോപികൾ പുരുഷന്മാരാണ് എന്നാണ് പലരാജ്യങ്ങളിലെയും കണക്കുകൾ സൂചിപ്പിക്കുന്നത്.
മുൻകോപത്തിന്റെ കാരണങ്ങൾ പലതാണ്. മേൽക്കോയ്മ നഷ്ടപ്പെട്ടതായുള്ള തോന്നൽ, ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യുമെന്ന ഭയം, തന്റെ കീഴിലുള്ളവരോട് എന്തുമാകാമെന്ന് സമർത്ഥിക്കാനുള്ള ശ്രമം, കൂടെയുള്ളവരെല്ലാം തനിക്ക് താഴെയുള്ളവരും നിസ്സാരൻമാരുമാണെന്ന ഭാവം, താൻ തീരുമാനിക്കുന്നത് മാത്രം നടപ്പിലാകണമെന്ന വാശി, നഷ്ടങ്ങളുണ്ടാക്കിയ ചില ഓർമ്മകളും അവ ഒഴിവാക്കുവാൻ ദേഷ്യം നല്ലതാണെന്ന ധാരണ, മാനസികമായും ശാരീരികമായുമുള്ള സഹിക്കാനാകാത്ത വേദന, ഏറ്റവും ഇഷ്ടപ്പെട്ടവർ നഷ്ടപ്പെട്ടതിലുള്ള ദുഃഖം, മദ്യപാനം, മയക്കുമരുന്ന് ഇവയുടെ ഉപയോഗമോ പെരുമാറ്റദൂഷ്യമോ ചോദ്യം ചെയ്യപ്പെടുക, ആരോഗ്യത്തിലെ അസ്വസ്ഥതകൾ, ആഗ്രഹിക്കുന്നത് നടത്താൻ സാധിക്കാത്തതിലുള്ള ദുഃഖം, തന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ സാധിക്കുന്നില്ലെങ്കിൽ പോയി ചാകട്ടെ എന്ന രീതിയിലുള്ള പെരുമാറ്റം എന്നിവയാണ് പ്രധാനകാരണങ്ങൾ.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത മാനസികാവസ്ഥ, പ്രതീക്ഷിച്ചത് ലഭിക്കാത്തതിലുള്ള വൈഷമ്യം, തള്ളിപ്പറയുകയോ കുറ്റപ്പെടുത്തുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള പരിഭവം, മാനസികരോഗങ്ങൾ, വർദ്ധിച്ച രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയും മുൻകോപത്തിന് കാരണമാകാറുണ്ട്.
വളരെ വ്യത്യസ്തമായ രീതിയിലാണ് ദേഷ്യം എന്ന വികാരം പലരും പ്രകടിപ്പിക്കുന്നത്. ഹൃദയത്തിന്റെ മിടിപ്പ് വർദ്ധിക്കുക, ശരീരം പെട്ടെന്ന് ചൂട് കയറുക, വിയർക്കുക, നെഞ്ച് വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, പല്ലിറുമ്മുക, പേശികൾ വലിഞ്ഞു മുറുകുക, വിറയ്ക്കുക, കൈകാലുകൾ മരവിക്കുകയോ ബലക്കുറവ് അനുഭവപ്പെടുകയോ ചെയ്യുക, ബോധംകെട്ട് വീഴാൻ പോകുന്നതായി തോന്നുക, വികാര പരവശനാകുക, സമാധാനപ്പെടാൻ കഴിയാതാകുക, കുറ്റബോധവും വിഷമവും വിഷാദവും തോന്നുക, ശബ്ദമുയർത്തി സംസാരിക്കുക, തമാശ ആസ്വദിക്കാൻ കഴിയാതെ വരിക, പെട്ടെന്ന് കരയുക, എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുക, പുകവലിക്കുവാനോ മദ്യപിക്കുവാനോ ഉള്ള ആവേശം വർദ്ധിപ്പിക തുടങ്ങിയവയാണ് സാധാരണയായി കാണുന്നത്.
ശാരീരിക മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ, യോഗ,വ്യായാമം, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഉതകുന്നവിധമുള്ളവ ശീലിക്കൽ, കൗൺസലിംഗ്, ആയുർവേദ മരുന്നുകൾ എന്നിവ മുൻകോപം തടയാൻ ഫലപ്രദമാണ്.
ഇത്തരത്തിലുള്ള മുൻകോപികൾക്ക് ചില രോഗങ്ങൾ വളരെ എളുപ്പത്തിൽ പിടിപെടാനിടയുണ്ട്. തലവേദന, വയറുവേദനയും ദഹന സംബന്ധവുമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, അമിതമായ ടെൻഷൻ, ഉയർന്ന രക്തസമ്മർദ്ദം, ചൊറിച്ചിൽ പോലുള്ള ത്വക് രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയാണവ.
ചില പ്രത്യേക രീതിയിലുള്ള പെരുമാറ്റങ്ങൾ ശീലിച്ചാൽ മുൻകോപത്തെ പിടിച്ചുനിറുത്താൻ സാധിക്കുന്നതാണ്. വല്ലാതെ ദേഷ്യം തോന്നുന്ന സാഹചര്യത്തിൽ നിന്ന് ദേഷ്യം ശമിക്കുന്നതുവരെ മാറിനിൽക്കുക, ഇത്തരം വൈകാരിക സന്ദർഭങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് അംഗീകരിക്കുക, ദേഷ്യം ഉണ്ടാക്കുന്നതിന് കാരണക്കാരായവരുടെ ഭാഗത്തും അവരുടേതായ ശരി ഉണ്ടായിരിക്കുമെന്ന് വിചാരിക്കുക, ദേഷ്യപ്പെടുന്നതിനേക്കാൾ ദേഷ്യമുണ്ടായതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കുവാൻ ശ്രമിക്കുക, സമാന സ്വഭാവത്തിൽ ദേഷ്യമുണ്ടാക്കുന്ന കാര്യങ്ങളിൽ മുൻകോപമില്ലാതെ സമാധാനപരമായി എങ്ങനെ ഇടപെടാമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് വയ്ക്കുക, ദേഷ്യത്തോടെ പെരുമാറുന്നതിന് മുമ്പ് 10 നിമിഷമെങ്കിലും ചിന്തകൾ മാറ്റുക,10 മുതൽ 20 വരെ എണ്ണുക, കായിക വിനോദങ്ങളിൽ ഏർപ്പെടുക, നടക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക, നിങ്ങൾക്ക് തോന്നുന്ന ദേഷ്യം എത്രമാത്രമാണെന്ന് ഏറ്റവും അടുത്ത സുഹൃത്തിനോട് മാത്രം പറയുക, അമിതമായ ദേഷ്യമുള്ളവർ വാഹനമോടിക്കുകയോ ആയുധങ്ങൾ കൈകാര്യം ചെയ്യുകയോ അപകടമുണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് മുൻകോപം കൊണ്ടുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ വരെ തടയാൻ സാധിക്കും.
പ്രശ്നക്കാരിലെ മുൻകോപം
ചിലതരം മാനസിക പ്രശ്നമുള്ളവരിൽ മുൻകോപം മുന്നിട്ട് നിൽക്കുന്നതായി കാണുന്നു. സമൂഹത്തിന് നിരക്കാത്ത തിന്മകൾ ചെയ്യുന്നതിന് പ്രത്യേക താല്പര്യം തോന്നുന്നവർ, അമിതമായ ആകാംക്ഷയുള്ളവർ, ഒന്നിലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ വേണ്ടാത്തതും കൂടി ചെയ്തു കൂട്ടുന്ന സ്വഭാവമുള്ളവർ, ദ്വന്ദ്വ വ്യക്തിത്വമുള്ളവർ, ഒരേ കാര്യത്തിൽ തന്നെ ശരിയും തെറ്റും കണ്ടെത്തുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്നവർ, തൊട്ടതിനും പിടിച്ചതിനും മൂക്കിന്റെ തുമ്പത്ത് ശുണ്ഠിയുള്ളവർ, സ്വഭാവ വൈകൃതമുള്ളവർ, വിഷാദരോഗത്തിന് അടിമപ്പെട്ടവർ തുടങ്ങിയവർക്ക് അത്ര എളുപ്പത്തിൽ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല. ഇത്തരം ബുദ്ധിമുട്ടുള്ളവരിൽ ശാരീരിക പ്രശ്നം കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ദേഷ്യപ്പെടുമ്പോഴും അതിനെ തുടർന്നും ഒഴിവാക്കാമായിരുന്ന സമ്മർദ്ദത്തിനടിമപ്പെട്ട് തനിക്ക് പെരുമാറേണ്ടിവന്നു എന്ന് തിരിച്ചറിയുന്നവരുണ്ട്. എന്നാൽ, ദേഷ്യം കാണിച്ചതിനെ ന്യായീകരിക്കുകയോ ദേഷ്യം കാണിച്ച കാര്യം മറന്നു പോകുകയോ ചെയ്യുന്നവരും കുറവല്ല. അത്തരക്കാർക്ക് ദേഷ്യം നിയന്ത്രിക്കപ്പെടേണ്ടതാണെന്ന ചിന്ത പോലും ഉണ്ടാകാറില്ല. അതു കൊണ്ട് തന്നെ സമാധാനത്തിന്റെ കണിക പോലും അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.