വിതുര: വിതുര പഞ്ചായത്തിലെ ചാത്തൻകോട്ട് ആദിവാസിമേഖലയിൽ പട്ടിണിയിലായ അമ്മയ്ക്കും മക്കൾക്കും വിതുര പൊലീസ് സഹായം എത്തിച്ചുകൊടുത്തു. വീട്ടമ്മയും രണ്ട് മക്കളും പട്ടിണിയിലാണെന്ന് ഫോൺകാൾ വന്നതിനെത്തുടർന്നാണ് വിതുര ജനമൈത്രി എസ്.ഐ അനീസിന്റെ നേതൃത്തിലുള്ള സംഘം കുടുംബത്തതിന്റെ ദുരിതമറിഞ്ഞ് സഹായിച്ചത്. രണ്ടാഴ്ച മുൻപ് വീട്ടമ്മയുടെ ഭർത്താവ് കൊവിഡ് ബാധിച്ച് മരണപ്പെടുകയും വീട്ടമ്മയ്ക്കും രോഗം ബാധിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ട്രിപ്പിൾ ലോക്ക്ഡൗൺ വന്നതോടെ കുടുംബം വനത്തിൽ ഒറ്റപ്പെട്ടു. ചാത്തൻകോട് മേഖലയിൽ നിരവധി പേർ വീടുകളിൽ ചികിത്സയിലായതിനാൽ ഇവരെ സഹായിക്കാനും ആരുമില്ലാതെയായി. തുടർന്നാണ് എസ്.ഐ അനീസും പി.ആർ.ഒ വി.വി. വിനോദുമടങ്ങിയ സംഘം ഉച്ചഭക്ഷണവും ഒരാഴ്ച്ചത്തേക്കുള്ള സാധനങ്ങളും, പച്ചക്കറികളും, കുട്ടികൾക്കുള്ള പലഹാരങ്ങളും ചാത്തൻകോട്ടെത്തി വീട്ടമ്മയ്ക്ക് നൽകിയത്. പൊലീസ് അറിയിച്ചതിനെത്തുടർന്ന് വിവിധ സന്നദ്ധസംഘടനകളും വീട്ടമ്മയുടെ സഹായത്തിനെത്തി. റേഷൻകടയിൽ നിന്നും റേഷൻ എത്തിച്ചുകൊടുക്കുകയും ചെയ്തു.
caption: വിതുര ചാത്തൻകോട് ആദിവാസി മേഖലയിൽ വീട്ടമ്മയ്ക്കും മക്കൾക്കും വിതുര എസ്.ഐ അനീസ്, പി.ആർ.ഒ വി.വി.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സഹായം എത്തിക്കുന്നു.