photo

ചിറയിൻകീഴ്: വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച കെ.എസ്.ഇ.ബി കരാർ തൊഴിലാളിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അധികൃതർ. ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്‌ഷന് കീഴിലെ കരാർ തൊഴിലാളിയും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന പാങ്ങോട് പെരിങ്ങമല അനുപമ ഭവനിൽ ബിജു(38) ആണ് ചിറയിൻകീഴ് പുളുന്തുരുത്തി കടവിന് സമീപം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, വൈസ് പ്രസിഡന്റ് സരിത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ വാഹിദ്, വാർഡ് മെമ്പർമാരായ ഷൈജ ആന്റണി, ശിവ പ്രഭ, പഞ്ചായത്ത് അഡിഷണൽ സെക്രട്ടറി വിനോദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ എന്നിവർ ചേർന്ന് ബിജുവിന്റെ മക്കളായ അനുപമ, ആതിര എന്നിവർക്ക് 50,000 രൂപ വീതം ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തതിന്റെ രേഖകൾ കൈമാറുകയും താത്കാലിക ചെലുകൾക്കായി 25,000 രൂപ നൽകുകയും ചെയ്തു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞ്, മുൻ ബ്രഞ്ച് സെക്രട്ടറി എസ്.എ. ജാവേദ്, എൽ.സി അംഗം ഷെനിൽ റഹീം, ശിവസേന നേതാവ് പെരിങ്ങമ്മല അജി തുടങ്ങിയവർ പങ്കെടുത്തു.