2

തിരുവനന്തപുരം: പൈലറ്റാകണം. വിമാനം പറപ്പിക്കണം. കുഞ്ഞിലേ മനസിൽ ഉറപ്പിച്ച ആകാശ സ്വപ്നം സഫലമാക്കി 23കാരിയായ ജെനി ജെറോം. ഇന്നലെ രാത്രി 10.25ന് ഷാർജയിൽ നിന്ന് തിരിച്ച എയർ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത് മലയാളി പെൺ പെരുമയോടെയാണ്. ജെനി ആയിരുന്നു വിമാനത്തിന്റെ സഹ പൈലറ്റ്. കേരളത്തിലെ തീരദേശത്തിന്റെ അഭിമാനം കൂടിയാണ് അവൾ വാനോളം ഉയർത്തിയത്.

തിരുവനന്തപുരം കൊച്ചുതുറയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗവും അ‌ജ്മാനിലെ സ്വകാര്യ കമ്പനിയിൽ സൂപ്രണ്ടുമായ ജെറോം ജോറിസിന്റെയും വീട്ടമ്മയായ ഷേർളിയുടെയും മകളാണ് ജെനി. വളർന്നതും പഠിച്ചതും അജ്മാനിലാണ്.

ചെറുപ്പം മുതലേ വിമാനം പറപ്പിക്കുന്നതിനെ പറ്റിയായിരുന്നു ജെനിയുടെ ചിന്തകളെല്ലാം. സ്വപ്നം എന്തെന്ന് ചോദിച്ചാൽ പൈലറ്റാകണം എന്ന് പറയും. വളർന്നപ്പോൾ പൈലറ്റ് സ്വപ്നവും കൂടെ വളർന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ,​ ജെനിയുടെ ആഗ്രഹമറിയാവുന്ന ചിലരൊക്കെ ചോദിച്ചു, പൈലറ്റാകണോ, വേറെ എന്തെങ്കിലും പഠിച്ചാൽ പോരേ...ആർക്കും നിരുത്സാഹപ്പെടുത്താൻ പറ്റാത്തത്ര ശക്തമായിരുന്നു അവളുടെ ആഗ്രഹം. കുടുംബവും കൂടെ നിന്നു. ഷാർജ ആൽഫ ഏവിയേഷൻ അക്കാ‌ഡമിയിലായിരുന്നു പഠനം. 18 മാസത്തെ കോഴ്സ് കൊവിഡ് കാരണം കുറച്ചു നീണ്ടു.

പരിശീലനത്തിനിടെ ഒരു അപകടവും സംഭവിച്ചിരുന്നു. ഫിലിപ്പൈൻസിൽ ട്രെയിംനിംഗ് നടക്കുമ്പോൾ എൻജിൻ തകരാറുമൂലം വിമാനം ഇടിച്ചിറക്കേണ്ടി വന്നു. ജെനിക്ക് കാര്യമായ പരിക്കേറ്റില്ല. ഭയന്നുപോയെങ്കിലും ആകാശയാത്രയോടുള്ള പ്രണയത്തിന് മുന്നിൽ അതൊന്നുമല്ലായിരുന്നു. ആഗ്രഹമുണ്ടെങ്കിൽ എന്തും നേടാമെന്നതിന്റെ ഉദാഹരണമാണ് ഈ പെൺകുട്ടി. ഒരു സഹോദരനുണ്ട് - ജെബി ജെറോം.

''ഇന്ത്യയിലേക്കുള്ള ആദ്യത്തെ പറക്കലായിരുന്നു ഇന്നലെ. അത് ജന്മനാടായ തിരുവനന്തപുരത്തേക്ക് തന്നെയായതിൽ അതിയായ സന്തോഷമുണ്ട്. പറ്റുന്നത്ര പറക്കുക, മികച്ച പൈലറ്റെന്ന പേര് നേടുക. അതാണ് സ്വപ്നം.''

---ജെനി ജെറോം