apporch-road

വക്കം: വക്കം പണയിൽക്കടവ് പാലത്തിന്റെ മുകൾ ഭാഗം തകരുന്നു. പാലത്തിന്റെ മുകൾഭാഗത്ത് നാലിടങ്ങളിലായി ഇതിനകം മെറ്റലും ടാറും ഇളകി വലിയ കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. ഇരുപത് വർഷത്തോളം പഴക്കമുണ്ട് പാലത്തിന്.

തീരദേശ പഞ്ചായത്തുകളായ വക്കം - ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

ബീ മുകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് പ്ളാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിടവുകളിലെ കോൺക്രീറ്റും ടാറും ഇളകിമാറി വിള്ളലുകൾ രൂപപ്പെട്ട നിലയിലാണിപ്പോൾ. പാലത്തിന്റെ നാലോളം ഭാഗങ്ങളിൽ വലിയ വിള്ളലുകളുണ്ട്. അപ്രോച്ച് റോഡിൽ പാലം തുടങ്ങുന്ന സ്ഥലത്തും ടാർ ഇളകി മാറി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ലോക്ക് ഡൗൺ കഴിഞ്ഞാൽ വലിയ വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഇതു വഴി പ്രവേശിച്ചു തുടങ്ങുമ്പോൾ വിള്ളലുകളുടെ വ്യാപ്തി കൂടുകയും, ഇത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. പാലത്തിന്റെ നിലവാരം സാങ്കേതികമായി പരിശോധിക്കണമെന്നാവശ്യവും ശക്തമാണ്.