തിരുവനന്തപുരം: പ്രതിപക്ഷത്ത് ഏതു നേതാവ് എന്നതല്ല, അവരുടെ നിലപാടാണ് പ്രശ്നമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. വി.ഡി.സതീശൻ പ്രതിപക്ഷനേതാവായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻപോലും വലിയ കാലതാമസമെടുത്തു. സി.പി.എമ്മിലെ തലമുറ മാറ്റവുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ല. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് കൊണ്ട് മതനിരപേക്ഷമാകാൻ കോൺഗ്രസിന് സാധിക്കില്ല. ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബി ജെ പിയാണ്. അവർ തമ്മിൽ ഒരു നൂൽ ബന്ധത്തിന്റെ വ്യത്യാസം മാത്രം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കേരളത്തിലുണ്ടെന്നും അത് തുടച്ചുമാറ്റുകയാണ് എൽ.ഡി.എഫ് ലക്ഷ്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ബാറുകൾ തുറക്കുന്നത് ലോക്ക് ഡൗണിന് ശേഷം
സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഒൗട്ട് ലെറ്റുകളും തുറക്കുന്ന കാര്യം ലോക്ക് ഡൗൺ കഴിയുന്ന മുറയ്ക്ക് ആലോചിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓൺലൈനായി മദ്യം ലഭ്യമാക്കുന്ന കാര്യം പീന്നീട് പരിഗണിക്കും. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. കഞ്ചാവ് അടക്കമുള്ള ലഹരികൾ കേരളത്തിലേക്ക് എത്തുന്നത് ശക്തമായി ചെറുക്കും. പരിശോധനകൾ കർശനമാക്കും. നിരോധിത ലഹരിവസ്തുക്കളുടെ വിതരണം തടയാൻ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.