പെരിങ്ങമ്മല: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൃന്ദാവനം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ജനകീയ അടുക്കളയിലൂടെ പെരിങ്ങമ്മല, നന്ദിയോട് ഗ്രാമ പഞ്ചായത്തുകളിൽ ഓരോ ദിവസവും ആയിരത്തിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഭക്ഷണം വൊളന്റിയർമാർ വീടുകളിൽ എത്തിച്ചുകൊടുക്കും. ഇതിനുപുറമെ ആവശ്യക്കാർക്കുള്ള മരുന്നുകളും ജനകീയ അടുക്കളയുടെ ഭാഗമായ ഹെൽപ്പ്ഡെസ്ക്കിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. ഡി.വൈ.എഫ്.ഐ പെരിങ്ങമ്മല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹ വണ്ടി' ആംബുലൻസ് സർവ്വീസും വാഹന സൗകര്യവും പ്രവർത്തിക്കുന്നുണ്ട്. ഒരാഴ്ച്ചക്കിടെ ഇരുപതിലധികം പേർക്ക് ഈ സേവനം ലഭ്യമാക്കാനായെന്ന് പ്രവർത്തകർ പറഞ്ഞു. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.കെ. മധുവിന്റെ മേൽനോട്ടത്തിലാണ് ജനകീയ അടുക്കളയുടെ പ്രവർത്തനം.