തിരുവനന്തപുരം: 3 ലക്ഷം മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പ്രവാസി കേരളീയരിൽ നിന്നു സ്വീകരിക്കുകയും അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്ന പ്രവാസി ഡിവിഡന്റ് സ്‌കീമിൽ 2019-20 വർഷത്തിൽ 25,000ൽ അധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1861 പേർ ഈ പദ്ധതി പ്രയോജനപ്പെടുത്തി. ഇതുവഴി സമാഹരിച്ച 181 കോടി രൂപ കിഫ്ബി വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ ഉപയോഗിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്താണ് നിക്ഷേപകർക്ക് 10% ഡിവിഡന്റ് നൽകുന്നത്. ആദ്യ വർഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റാണ് 4ാം വർഷം മുതൽ നിക്ഷേപകനും തുടർന്ന് പങ്കാളിക്കും ലഭിക്കുന്നത്. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവർഷത്തെ ഡിവിഡന്റും നോമിനി/അനന്തരാവകാശിക്കു കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നൽകുന്നത് അവസാനിക്കും. പ്രവാസികളുടെ ആവശ്യപ്രകാരം ,ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന ഈ പദ്ധതി, 2021 ലെ സ്‌കീമിലും ഒറ്റത്തവണ നിക്ഷേപിക്കുന്നവർക്ക് നിലവിൽ ഉള്ള 10 ശതമാനം വാർഷിക ഡിവിഡന്റ് ഉറപ്പ് നൽകുകയാണ്. പത്തുശതമാനത്തിൽ 8.3 ശതമാനം കിഫ്ബിയും 1.7 ശതമാനം സർക്കാരുമാണ് നൽകുന്നത്. തന്റെയും കുടുംബത്തിന്റെയും അടുത്ത തലമുറയുടെയും ജീവിതം സുരക്ഷിതമാക്കുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഒരോ പ്രവാസിയും തയാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പദ്ധതിയിൽ ചേർന്ന പ്രവാസികളോട് സർക്കാർ നന്ദി അറിയിച്ചു. സ്‌കീമിൽ അംഗമാകുന്നതിനുള്ള 2021 വർഷത്തെ രജിസ്‌ട്രേഷൻ ആരംഭിച്ചു.