തിരുവനന്തപുരം: മലയിൻകീഴ് എരുത്താവൂരിൽ 3500 കിലോ നിരോധിത പുകിയില ഉത്പന്നങ്ങൾ പിടികൂടി. മലയിൻകീഴ് എരുത്താവൂർ സ്വദേശി സുരേഷ് കുമാറിന്റെ (54) വീട്ടിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ്
സ്ക്വാഡും തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്.
20 ചാക്കുകളാക്കിയാണ് ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്നും ചെറിയ വിലയ്ക്ക് പുകയില ഉത്പന്നങ്ങൾ വാങ്ങി തൃശ്ശൂരിൽ എത്തിച്ച് അവിടെയുള്ള ചില്ലറ വില്പനക്കാർക്ക് നൽകിയതിന് ശേഷമാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത്. ലഹരി ഉത്പന്നങ്ങളായ ശംഭു, പാൻപരാഗ്, കൂൾ ലിപ്പ്, ചൈനി ഖൈനി എന്നീ വിഭാഗത്തിലുള്ള നിരോധിത ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇയാൾ സ്ഥിരം ഇതിന്റെ കച്ചവടക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുകേഷ് കുമാർ, മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, രഞ്ജിത്ത്, ബിജു, ശ്രീലാൽ, വിപിൻ, ജിതീഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.