തിരുവനന്തപുരം: അട്ടപ്പാടിയിലെ മുരുഗുള ഊരിലെ കൊവിഡ് പ്രതിരോധത്തിനായി ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി വീണ ജോർജ്. പുഴ മുറിച്ചുകടക്കുന്ന ആരോഗ്യപ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ഇവരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
പുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുകന്യ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈജു, ഡ്രൈവർ സജേഷ് എന്നിവരാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഊരുകളിലെത്തിയത്. മുപ്പത് പേരെ ഇവർ പരിശോധിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂർ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും നൽകി.