dog

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പാച്ചിലിനിടെയാണ് അപ്പുവും പ്രശാന്തും സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ഒരു മതിൽ തകർന്ന് വീണത്. വേട്ടമുക്കിന് സമീപമായിരുന്നു സംഭവം. പെട്ടെന്ന് വാഹനം നിറുത്തി പുറത്തിറങ്ങിയ ഇരുവരും കണ്ടത് നിലവിളിക്കുന്ന ഒരു അച്ഛനെയും മകളെയും. കാര്യം തിരക്കിയപ്പോഴാണ് അവരുടെ പ്രിയപ്പെട്ട വള‌ർത്തുനായ സ്ലാബിനടിയിൽപ്പെട്ടത് അറിഞ്ഞത്. കനത്ത മഴയിൽ മതിലിനോട് ചേർത്ത് പണിതിരുന്ന കൂട് സഹിതമാണ് റോഡിലേക്ക് നിലംപൊത്തിയത്. ഗ്രീൻ ആർമി വോളണ്ടിയർ കൂടിയായ അപ്പുവിന് പിന്നെ ചിന്തിക്കാനൊന്നുമുണ്ടായിരുന്നില്ല. പ്രശാന്തും അപ്പുവും സമീപത്തുണ്ടായിരുന്നവരും ചേർന്ന് സ്ലാബ് ഉയർത്തി നായയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റ് സ്ലാബ് അനങ്ങിയില്ല. അവസാന ശ്രമമെന്ന നിലയിൽ കാറിൽ നിന്ന് ജാക്കിയും ലിവറമെടുത്ത് സ്ലാബ് ഉയർത്താൻ ശ്രമിച്ചു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ സ്ലാബ് ഉയർത്തി നായയെ പുറത്തെടുത്തു.
പേടിച്ചരണ്ട ഡ്രാവോ എന്ന വളർത്തുനായ വീടിനകത്തേക്ക് ഓടി. നായയുടെ ഉടമ വി. ശിവൻകുട്ടിയും മകളും എല്ലാവരോടും നന്ദി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ അപ്പു എന്ന തോമസ് വർഗീസിനെയും വി.എസ്. പ്രശാന്തിനെയും ഒപ്പമുണ്ടായിരുന്നവരെയും വി.കെ. പ്രശാന്ത് എം.എൽ.എ അഭിനന്ദിച്ചു.