krishnan

കാസർകോട്: വിമാന ദുരന്തത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസിന് തീപിടിച്ച നിലയിലാണ് ഉദുമ മാങ്ങാട് കൂളിക്കുന്നിലെ കൃഷ്ണൻ ഇപ്പോഴും വീട്ടിൽ കഴിയുന്നത്. മംഗളുരു വിമാനദുരന്തത്തിന് 11 വർഷം പൂർത്തിയാകുമ്പോഴും കൃഷ്ണന്റെ തീപിടിച്ച ഓർമ്മകൾക്ക് ശമനമുണ്ടായിട്ടില്ല. ആ ദുരന്തത്തിന്റെ ഓർമ്മകളിൽ ഇന്നും പേടിപെടുത്തുകയാണ് കൃഷ്ണനെ. കണ്മുന്നിൽ അഗ്നിഗോളമായി നിൽക്കുന്ന വിമാനത്തിന്റെ ചിത്രം തന്നെയാണ് എന്നും മനസിൽ. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സാധാരണ നില കൈവരിക്കാൻ ഈ പ്രവാസിക്ക് സാധിച്ചിട്ടില്ല. അന്ന് നഷ്ടപ്പെട്ട സാധനങ്ങളുടെ നഷ്ടപരിഹാരവും ചികിത്സ ചിലവും ഉൾപ്പെടെ നാല് ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി ലഭിച്ചു.

തന്റെ പാസ്‌പോർട്ട് ഉൾപ്പെടെ നഷ്ടപ്പെട്ട കൃഷ്ണൻ ഒപ്പം സഞ്ചരിച്ചവരുടെ വേർപാടിൽ വിതുമ്പുകയാണ്. രണ്ടുമലയാളികളാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ കുറുമാത്തൂരിലെ മാഹിൻ കുട്ടി, കാസർകോട് ഉദുമ ബാരയിലെ കൃഷ്ണൻ എന്നിവർ. മംഗളൂരു ഹമ്പൻകട്ടയിലെ തനീർബവി, മുഹമ്മദ് ഉസ്മാൻ, വാമഞ്ചൂരിലെ ജോയൽ ഡിസൂസ, ഉള്ളാളിലെ ഉമർ ഫാറൂഖ്, പുത്തൂരിലെ അബ്ദുല്ല, മംഗളൂരു കെ.എം.സി വിദ്യാർഥി സബ്രീന എന്നിവരും അത്ഭുതകരമായി രക്ഷപ്പെട്ടവരാണ്.

2010 മേയ് 22 നാണ് രാജ്യത്തെ നടുക്കിയ മഹാദുരന്തമുണ്ടായത്. ദുബായിൽ നിന്നും മംഗളൂരുവിലേക്ക് 166 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യാ വിമാനമാണ് മംഗളൂരു വിമാനത്താവളത്തിൽ കത്തിയെരിഞ്ഞത്. പൈലറ്റ് ഉൾപ്പെടെ 158 യാത്രക്കാരാണ് ആ ദുരന്തത്തിൽ മരിച്ചത്. കാസർകോട് ജില്ലയിലെ മാത്രം അമ്പതോളം പേർക്കാണ് വിമാനദുരന്തത്തിൽ ജീവഹാനി സംഭവിച്ചത്. ദുബായിൽ ഒമ്പത് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് മാങ്ങാട് കൂളിക്കുന്നിലെ കൃഷ്ണൻ നാട്ടിലേക്ക് വിമാനം കയറിയത്. ദുബായിൽ നിന്ന് പുറപ്പെട്ടു മംഗളുരു ബജ്‌പെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നത് വരെ യാത്രക്കാർക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് 11 വർഷത്തിന് ശേഷവും കൃഷ്ണൻ ഓർത്തെടുക്കുന്നു. നിലംതൊട്ടു എന്നറിഞ്ഞ ഉടനെയാണ് അത് സംഭവിച്ചത്. സ്ത്രീകളും കുട്ടികളും കരച്ചിലും ബഹളവും തുടങ്ങിയിരുന്നു. റൺവേയിൽ നിന്ന് മുന്നോട്ട് കുതിച്ച വിമാനം പുറത്തേക്ക് ചാടികയറുകയായിരുന്നു. അടുത്ത ക്ഷണം തീപിടിച്ചു. പിറകിലാണ് ആദ്യം തീപിടിച്ചതെന്ന് കൃഷ്ണൻ ഓർക്കുന്നു. പിന്നീടാണ് മുൻഭാഗം കത്തിയത്. വിമാനത്തിന്റെ ഇടതുഭാഗത്ത് മദ്ധ്യത്തിലായി17 ആം നമ്പർ സീറ്റിൽ ആയിരുന്നു താനെന്ന് ഓർത്തെടുക്കുകയാണ് കൃഷ്ണൻ. വിമാനദുരന്തത്തിന്റെ നഷ്ടപരിഹാരം കിട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടത്തുകയാണ്.