പാറശാല: ലോക്ക് ഡൗണിനിടെ അടഞ്ഞു കിടന്ന കട കുത്തി തുറന്ന് മോഷണം. കുളത്തൂർ ഉച്ചക്കട ജംഗ്ഷനിലെ ഒരു പ്രധാന വസ്ത്ര ശാലയിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. കടയുടെ മുന്നിലെ ഷട്ടറിലെ പൂട്ടുകൾ പൊട്ടിക്കുകയും ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു..
വില കൂടിയ 30 വാച്ചുകൾ, പാന്റ്സുകൾ, ഷർട്ടുകൾ ഉൾപ്പെടെ വൻ തുക വരുന്ന സാധങ്ങൾ കടയിൽ നിന്നും മോഷണം പോയി.. സമീപത്തെ രണ്ട് പച്ചക്കറി കടകളിലും മോഷണം നടന്നു. സമീപത്തെ മറ്റൊരു മെഡിക്കൽ സ്റ്റോറിന്റെ പൂട്ടും അടിച്ചു തകർത്തു. പച്ചക്കറിക്കട ഉടമകളാണ് മോഷണ വിവരം പൊലീസിൽ അറിയിച്ചത്. അതേസമയം, പൊഴിയൂർ സുനാമി കോളനിയിലെ മാനസിക വിഭ്രാന്തിയുള്ള ഒരു ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കളവ് പോയ സാധനങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. എങ്കിലും അവ വീട്ടിൽ എങ്ങനെ എത്തിച്ചു എന്ന കാര്യം വ്യക്തമല്ലെന്ന് വീട്ടുകാർ പറഞ്ഞു. മോഷണ വസ്തുക്കളിലെ കുറെ വസ്ത്രങ്ങൾ വീട്ടുകാർ കടയിൽ തിരികെ ഏല്പിച്ചതായും കടയുടമ പറയുന്നു. എന്നാൽകടകളിലെ നല്ല ഉറപ്പുള്ള പൂട്ടുകൾ പ്രതി എങ്ങനെയാണ് പൊട്ടിച്ചതെന്നത് അവ്യക്തമാണെന്നും മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു..