ഉത്തരകൊറിയയിൽ ജനങ്ങളുടെ ജീവിത ശൈലിയിൽ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം വർദ്ധിക്കുന്നുവെന്ന് ആരോപിച്ച് ഏകാധിപതി കിം ജോംഗ് ഉൻ രംഗത്ത്. പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള മുള്ളറ്റ് പോലുള്ള ഹെയർ സ്റ്റൈലുകളെയും സ്കിന്നി ജീൻസിനേയും കിം രാജ്യത്ത് നിരോധിച്ചതായി ഉത്തര കൊറിയൻ മാദ്ധ്യമമായ റൊഡോംഗ് സിൻമുനിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുതലാളിത്ത വ്യവസ്ഥയുടെ പ്രതീകമായ പാശ്ചാത്യ ശൈലികൾ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്നും രാജ്യത്തിനെതിരാണെന്നും കാട്ടിയാണ് കിമ്മിന്റെ തീരുമാനമത്രെ. മുടി സ്പൈക്ക് ചെയ്യുന്നതിനും കളർ ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കിമ്മിന്റെ വിചിത്ര നിയമങ്ങൾ അനുസരിച്ച് രാജ്യത്ത് അനുവദനീയമായ 15 ഹെയർകട്ടുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനെ പുരുഷൻമാർക്കും സ്ത്രീകൾക്കും അനുവാദമുള്ളൂ. തലയുടെ മുൻഭാഗത്ത് മുടിയുടെ നീളം കുറഞ്ഞതും പിൻഭാഗത്ത് നീളം കൂട്ടിയതുമായ ഹെയർകട്ടാണ് മുള്ളറ്റ്.
വസ്ത്രധാരണത്തിലും ജാഗ്രത പുലർത്തണമെന്നാണ് കിമ്മിന്റെ അഭിപ്രായം. റിപ്പഡ് ജീൻസ്, സ്കിന്നി ജീൻസ്, വാചകങ്ങൾ എഴുതിയ ടി - ഷർട്ടുകൾ, മുക്കൂത്തി പോലെ മുഖത്തും ചെവിയിലും കുത്തുന്ന ആഭരണങ്ങൾ എന്നിവയ്ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്വാധീനമില്ലാതാക്കാൻ ഉത്തര കൊറിയയിൽ നേരത്തെയും കിം വിചിത്ര നിയമങ്ങൾ നടപ്പാക്കിയിരുന്നു. അയൽ രാജ്യമായ ദക്ഷിണ കൊറിയയിൽ ബി.ടി.എസ്, ബ്ലാക്ക് പിങ്ക് തുടങ്ങിയ പോപ്പ് ബാൻഡുകൾ ജനപ്രിയമായതോടെ ഉത്തര കൊറിയയിൽ പോപ്പ് സംഗീതത്തിനെതിരെ കിം ഭരണകൂടം രംഗത്തെത്തിയിരുന്നു. വിദേശ ശക്തികൾ അടിച്ചേൽപ്പിച്ച അടിമത്തമെന്നായിരുന്നു പോപ്പ് സംഗീതത്തെ കിം ഭരണകൂടം വിശേഷിപ്പിച്ചത്.