kdvr

അഞ്ചുതെങ്ങ്: നിർമ്മാണ പ്രവർത്തനങ്ങൾക്കായി കടയ്ക്കാവൂരിൽ റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും ടാറിംഗ് നടക്കാത്തത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും വലയ്ക്കുകയാണ്. ചെക്കാലവിളാകം മുതൽ തെക്കും ഭാഗം വരെയുള്ള 1200 മീറ്റർ നീളമുള്ള റോഡാണ് അറ്റകുറ്റപ്പണികളുടെ പേരിൽ ആറ് മാസക്കാലത്തിന് മുൻപ് വെട്ടിപ്പൊളിച്ചത്.
നിലവിൽ റോഡിൽ മെറ്റൽ കൊണ്ട് ഉറപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതു വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പി.ഡബ്യൂ.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ കാരണം വ്യക്തമാക്കാനോ എന്ന് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറയാനോ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വരികയും ലോകായുക്തയ്ക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു. ശേഷം കുറച്ച് മെറ്റൽ കൊണ്ടിറക്കിയതല്ലാതെ പണി നടന്നിട്ടില്ല. ഇടയ്ക്ക് രണ്ടോ, മൂന്നോ തൊഴിലാളികൾ എത്തി പേരിന് വേണ്ടി ജോലി ചെയ്യുന്നതൊഴിച്ചാൽ കാര്യമായ യാതൊരു പ്രവർത്തനവും നടക്കുന്നതുമില്ല. കൊവിഡ് പശ്ചാലത്തിൽ റോഡുകളിലൂടെയുള്ള യാത്രാനിയന്ത്രണം ഏർപ്പെടുത്തിയ സമയമായതിനാൽ എളുപ്പത്തിൽ ടാറിംഗ് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രദേശവാസികളുടെ പ്രശ്നങ്ങൾ

ഈ ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു

ഇവരുടെ വാഹനങ്ങൾ വീട്ടിലേക്ക്കൊണ്ടു പോകാൻ കഴിയുന്നില്ല

റോഡിൽ നിന്ന് ഉയരുന്ന പൊടി ശല്യം

യാത്ര മറ്റൊരു വഴിയേ

നിലവിൽ ചെക്കാലവിളാകത്ത് നിന്നും ചിറയിൻകീഴിലേക്കും തിരിച്ച് ഇവിടെയെത്തേണ്ടവരും എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിലൂടെ ആനത്തലവട്ടം വഴിയാണ് യാത്ര ചെയ്യുന്നത്. ഈ റോഡാക്കട്ടെ ഇടുങ്ങിയതും. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ വന്നാൽ എതിർ വാഹനങ്ങൾക്ക് പോകാൻ ഏറെ ബുദ്ധിമുട്ടാണ്.

റോഡിൽ മെറ്റൽ ഉറപ്പിച്ച് അടിയന്തരമായി ടാറിംഗ് ആരംഭിച്ച് എത്രയും വേഗം റോഡ് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കണം.
പെരുംകുളം അൻസർ, മെമ്പർ,

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്