1

തിരുവനന്തപുരം: കൊച്ചുവേളിയിലെ വ്യവസായ എസ്റ്റേറ്റിനുള്ളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പകൽ വെളിച്ചത്തിലും രാത്രിയുടെ മറവിലും ലോഡ് കണക്കിന് മാലിന്യമാണ് പ്രതിദിനം ഇവിടെ ഉപേക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും അറവുശാല മാലിന്യങ്ങളടക്കം ഒരു ലോഡ് മാലിന്യങ്ങൾ എസ്റ്റേറ്റിലെ പ്രധാന കവാടത്തിന് സമീപം അ‌ജ്ഞാതർ വണ്ടിയിൽ കൊണ്ടുവന്ന്‌ തള്ളിയിരുന്നു.

ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് എല്ലാ ജംഗ്ഷനുകളിലും പൊലീസിന്റെ പരിശോധന നടക്കുമ്പോഴാണ് മാലിന്യം നിറച്ച വണ്ടികൾ എസ്റ്റേറ്റിനുള്ളിലെത്തുന്നത്. മാംസാവശിഷ്ടങ്ങളടക്കം ചീഞ്ഞ് ദുർഗന്ധം പരത്തുന്നതിനാൽ ഈ വഴി കടന്നുപോകാനും ബുദ്ധിമുട്ടാണ്. തെരുവുനായ്‌ക്കൾ മാലിന്യം കടിച്ചെടുത്ത് പലയിടത്തായി ഇടുന്നുമുണ്ട്. സമീപത്തെ വ്യവസായ യൂണിറ്റിലെ അംഗങ്ങൾ മാലിന്യംകൊണ്ട് പൊറുതിമുട്ടി. മാലിന്യങ്ങൾ തള്ളുന്നത് ചൂണ്ടിക്കാണിച്ച് കൊച്ചുവേളി എം.എസ്.എം.ഇ അസോസിയേഷൻ പൊലീസിനും അധികൃതർക്കും പരാതി നൽകിയെങ്കിലും പരിഹാരമായില്ല.

സാധാരണ ഒറ്റ പ്രവേശന കവാടം മാത്രമാണ് വ്യവസായ എസ്റ്റേറ്റുകൾക്ക് ഉണ്ടാവുക. എന്നാൽ കൊച്ചുവേളിയിലെ എസ്റ്റേറ്റിനുള്ളിൽ പ്രവേശിക്കാൻ 13 റോഡുകളുണ്ട്. ഇത്രയും റോഡുകളുള്ളതിനാൽ മാലിന്യം തള്ളാനെത്തുന്നവരെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. തീരദേശവാസികൾ സഞ്ചരിക്കുന്ന വഴികളായതിനാൽ രാത്രിയിലും പ്രധാന കവാടം അടച്ചിടാൻ സാധിക്കില്ല. സഞ്ചരിക്കുന്നതിനുള്ള പ്രധാന റോഡുകൾ മാത്രം ഒഴിവാക്കി മറ്റ് റോഡുകൾ അടയ്‌ക്കാൻ അനുവദിക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം.

നിരീക്ഷണം ശക്തമാക്കണം

------------------------------------------------------

പ്രധാന കവാടത്തിന് ഏറ്റവും അടുത്തുള്ള രണ്ട് വ്യവസായ യൂണിറ്റുകൾ പൂട്ടിക്കിടക്കുകയാണ്. അവിടെ സി.സി ടിവി കാമറയില്ലാത്തത് മാലിന്യം തള്ളുന്നവർക്ക് കൂടുതൽ എളുപ്പമായി. കാമറയുള്ള സ്ഥലങ്ങളുണ്ടെങ്കിലും നമ്പ‌ർ പ്ലേറ്റ് മറച്ച് വാഹനങ്ങളെത്തുന്നതിനാൽ തിരിച്ചറിയാനും കഴിയില്ല. 120 ഏക്കർ വിസ്‌തൃതിയുള്ള എസ്റ്റേറ്റിൽ നിലവിൽ ചെറുതും വലുതുമായ 120ഓളം വ്യവസായ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

 എസ്റ്റേറ്റിന്റെ വിസ്തൃതി - 120 ഏക്കർ

 120ഓളം വ്യവസായ സ്ഥാപനങ്ങൾ

ഇതുവഴി പോകുന്നവർ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. മാലിന്യം

തള്ളാനെത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം

പീറ്റർ ഐ.എ (പ്രസിഡന്റ് )​, അബ്രാഹം സി. ജേക്കബ് (സെക്രട്ടറി ​)​

കൊച്ചുവേളി എം.എസ്.എം.ഇ റസിഡന്റ്സ് അസോസിയേഷൻ