വിതുര: മലയോരത്ത് ലോക്ക്ഡൗൺ ഒരിക്കൽകൂടി എത്തിയതോടെ ചക്ക വീണ്ടും താരമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ വീട്ടിലെയും തീൻമേശകൾ ചക്ക സ്ഥാനം പിടിച്ചിരുന്നു.

ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ലോക്ക്ഡൗൺ നിമിത്തം നട്ടം തിരിയുന്ന ആദിവാസിസമൂഹത്തിനും, പാവപ്പെട്ടവർക്കും ചക്ക വളരെ അനുഗ്രഹമായി മാറിയിട്ടുണ്ട്. സാധാരണ ചക്ക സീസണിൽ കേരളത്തിൽ നിന്നും വൻതോതിൽ അന്യസംസ്ഥാനങ്ങലിലേക്ക് ചക്ക കയറ്റിഅയക്കാറുണ്ട്. ചക്ക വളരെ കുറഞ്ഞ വിലക്ക് വാങ്ങിയാണ് കൊണ്ടുപോകുന്നത്. ഉൽപ്പാദകർക്ക് നാമമാത്രമായ വില ലഭിക്കുമ്പോൾ ഇക്കൂട്ടർ വൻ ലാഭമാണ് കൊയ്യുന്നത്. ഇവിടെ നിന്നും കൊണ്ടുപോകുന്ന ചക്ക ചിപ്സാക്കി മനോഹരമായ പ്ലാസ്റ്റിക്ക് കൂടുകളിൽ നിറച്ച് തിരികെ കേരളത്തിലേക്ക് തന്നെ മടങ്ങിയെത്തും. റബറിൻെറ വരവോടെ മിക്ക മേഖലകളിലും പ്ലാവ് മരങ്ങളുടെ കടയ്ക്കൽ കത്തി വീണിരുന്നു. എന്നാലും ചക്കയെ പൂർണമായി മറക്കുവാൻ കേരളീയർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആവശ്യത്തിലധികം ഇപ്പോഴും ഉത്പാദനമുണ്ട്.

കുടുംബശ്രീകൾക്ക് വരുമാനം

ചക്ക സീസണും, ലോക്ക് ഡൗണും വീണ്ടു ഒരുമിച്ചെത്തിയത് കുടുംബശ്രീ യൂണിറ്റുകൾക്ക് അനുഗ്രഹമായി മാറി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ചക്കകൾ ശേഖരിച്ച് ചക്ക വറ്റലും മറ്റും ഉണ്ടാക്കി വിറ്റഴിച്ച് മികച്ച വരുമാനം സമ്പാദിച്ചിരുന്നു. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും ചക്ക വാങ്ങികൊണ്ടുപോകുവാൻ അനവധി സംഘങ്ങൾ എത്തുമായിരുന്നു. ലോക്ക് ഡൗൺനിമിത്തം ഇക്കുറി ഇത്തരം സംഘങ്ങൾക്ക് എത്തുവാൻ സാധിച്ചില്ല. അതിനാൽ വനിതാ സ്വയംസഹായ സംഘങ്ങക്ക് യഥേഷ്ടം ചക്ക ലഭിച്ചു.