കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ആറാം വാർഡിലെ വെളളകെട്ട് ഒഴിവാക്കുന്നതിന് കലിങ്കുകൾ തുറന്ന് വിടാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അമ്മൻകോവിൽ, പുത്തൻ നട, നാഗര് കാവ്, പാണന്റെ തൊടി, വൈകുണ്ഠം തുടങ്ങിയ പ്രദേശങ്ങളിൽ പെയ്യുന്ന മഴവെളളം ചാലുകൾ വഴി ഒലിച്ചു പുത്തൻ നട തോട്ടിൽ എത്തി അവിടെ നിന്ന് ഒഴുകി മടവാ പാലം വഴി മീരാൻ കടവ് കായലിൽ എത്തി ചേരും. ഈ കലിങ്കും ചാലുകളും അടഞ്ഞു കിടക്കുന്നത് കാരണം മഴപെയ്തതോടെ ഇവിടുത്തെ വീടുകളിൽ വെള്ളം കയറി. പോസ്റ്റ് ഓഫീസിനു സമീപമുള്ള കലുങ്കും അടഞ്ഞതിനാൽ പിളളയ്ക്കവിളാകം, വാടയിൽ, മാമൂട്, കുന്നും പുറം ഈ പ്രദേശങ്ങളിലെ മഴ വെളളം ഒഴുകി പുത്തൻ മണ്ണ് വഴി കായലിൽ എത്തുന്നതിന് തടസമായി മാറിയിരിക്കുകയാണ്. ഇവിടെയും ഏത് സമയത്തും വീടുകൾക്ക് ഉളളിലേയ്ക്ക് വെളളം കയറാമെന്ന അവസ്ഥയിലാണ്.ഈ കലിങ്ക് കുഴൽ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ആളുകൾക്കിറങ്ങി വൃത്തിയാക്കാൻ കഴിയില്ല. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഈ കലിങ്കുകൾ പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. വെളളക്കെട്ട് ഒഴിവാക്കുവാൻ അടിയന്തരമായി കലുങ്കുകൾ ശുചീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എസ്. പ്രവീൺചന്ദ്ര ആവശ്യപ്പെട്ടു.