പാലോട്: നന്ദിയോട് പഞ്ചായത്തിലെ ലക്ഷംവീട് കോളനികളിലും ചില വാർഡുകളിലും കൊവിഡ് ബാധിതർ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. രോഗബാധിതർ പലരും കഴിയുന്നത് സ്വന്തം വീടുകളിലാണ്. ചില ലക്ഷംവീടുകളിൽ രണ്ടു കുടുംബങ്ങളാണ് താമസിക്കുന്നത്.
ചില സൂപ്പർ മാർക്കറ്റുകളിൽ ചില സമയങ്ങളിൽ തിരക്ക് വളരെ കൂടുതലാണ്. അതു കൂടാതെ പച്ച പോലുള്ള ചില ജംഗ്ഷനുകളിൽ ആളുകൾ കൂട്ടംകൂടുന്നത് പതിവായിട്ടുണ്ട്. ഇവിടങ്ങളിൽ പൊലീസ് പരിശോധന വേണമെന്ന അഭിപ്രായം ശക്തമാണ്. ജില്ലാ അതിർത്തികളിൽ താത്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കി പാലോട് പൊലീസ്.
ജില്ലാ അതിർത്തിയായ ചല്ലിമുക്ക്, പെരിങ്ങമ്മല, ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ, നന്ദിയോട് എന്നിവിടങ്ങളിൽ കർശന പരിശോധനയാണ്. ചല്ലിമുക്കിൽ ജില്ലാ അതിർത്തിയിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്രകൾ നിയന്ത്രിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോൺ പൂർണമായും അടച്ചു. ഇവിടങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്രകൾ അനുവദിക്കുന്നില്ല.
പെരിങ്ങമ്മല ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്കൂൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിൽ മരണനിരക്ക് ഉയരുന്നത് ആശങ്കയുണർത്തിട്ടുണ്ട്. ആദിവാസി മേഖലകളിലെ ചില ഊരുകളിൽ ആന്റിജൻ ടെസ്റ്റിന് വിമുഖത കാണിക്കുന്നവർക്ക് ബോധവത്കരണ ക്ലാസുകൾ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ടെസ്റ്റുകൾ പുനരാരംഭിച്ചു. കമ്യൂണിറ്റികിച്ചണുകൾ രണ്ടു പഞ്ചായത്തുകളിലും പ്രവർത്തിക്കുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിൽ വാർ റൂം, മീഡിയ സെന്റർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
നന്ദിയോട് - 151 മരണം 16
പെരിങ്ങമ്മല - 258 മരണം - 22
കണ്ടെയ്ൻമെന്റ് സോൺ
പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട്, ഇക്ബാൽ കോളേജ്, കൊച്ചു കരിക്കകം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്.
ജന്മദിനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ്
ഇടവം വാർഡിലെ ഒരു വീട്ടിൽ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 17 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ നാലു പേർ മരിച്ചു.
ഇനിയുള്ള ദിവസങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി നടപ്പിലാക്കും.
സി.ഐ സി.കെ. മനോജ്