തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ ഡിജിറ്റലായി അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ 12 വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വീഡിയോ ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്തവരുടെ എണ്ണം ശേഖരിക്കാൻ സമഗ്ര ശിക്ഷാ കേരളം നിർദ്ദേശം നൽകി. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്കാണ് നിർദ്ദേശം നൽകിയത്.
ബി.ആർ.സിതല ഉദ്യോഗസ്ഥർ പ്രഥമാദ്ധ്യാപകരെയും അദ്ധ്യാപകരെയും ഫോണിൽ വിളിച്ച് വിവരശേഖരണം നടത്തണം. ജില്ലാതലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് 27ന് വൈകിട്ട് അഞ്ചിന് മുൻപായി സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം. വിവരശേഖരണത്തിനുള്ള രൂപരേഖ ഗൂഗിൾ ഡ്രൈവ് വഴി ലഭ്യമാക്കിയിട്ടുണ്ട്.