പാലോട്: കൊവിഡിൽ രക്ഷകരാകുന്ന പൊലീസിനും ആരോഗ്യ വകുപ്പിനും ഭക്ഷണമെത്തിച്ച് പൊതുജനം. ക്രമസമാധാന പാലനവും കൊവിഡ് നിയന്ത്രണവും ഒരുപോലെ കൊണ്ടുപോകുന്ന പാലോട് ജനമൈത്രി പൊലീസിന് വിവിധ സന്നദ്ധ സംഘടനകളും ചെറുകിട സംരംഭകരുമാണ് ഭക്ഷണമെത്തിക്കുന്നത്. വനമേഖലയായതിനാൽ പൊലീസിന് ജോലിഭാരം കൂടുതലാണന്ന് മനസിലാക്കിയാണ് നാട്ടുകാർ ഈ സംരംഭത്തിന് തുടക്കമിട്ടത്.രാഷ്ട്രീയമില്ലാതെ കൊവിഡ് രോഗികൾക്കും നിരാലംബർക്കും ഭക്ഷണമെത്തിക്കുന്ന നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ ദിവസേന 650 പേർക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. സുമനസുകളും കള്ളിപ്പാറ,പവ്വത്തൂർ, വലിയ താന്നിമൂട് എന്നീ റസിഡന്റ്സ് അസോസിയേഷനുകളുമാണ് ജനപ്രതിനിധികൾ നേതൃത്വം നൽകുന്ന സമൂഹ അടുക്കളയ്ക്ക് സഹായമെത്തിക്കുന്നത്.