കോവളം: ശക്തമായ മഴയിൽ വെള്ളാർ വാർഡിലെ രണ്ട് വീടുകൾ ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. വെള്ളാർ അരിവാൾ കോളനി പനയിൽ വീട്ടിൽ തങ്കരാജന്റെ വീട് പൂർണമായി തകർന്നു. കെ.എസ്. റോഡ് ആദിശക്തി റിസോർട്ടിന് സമീപം കുമാരിനിലയത്തിൽ രത്‌നമ്മയുടെ വീടിന്റെ ചുമര് ഇടിഞ്ഞുവീണു. ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം. വീട് ഇടിഞ്ഞതോടെ തങ്കരാജനും ഭാര്യ ലതകുമാരി, മക്കളായ വിമൽമിത്ര, അഭിരാമി എന്നിവർ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം നശിച്ചു.
സംഭവമറിഞ്ഞ് വില്ലേജ് ഓഫീസർ ജയകുമാർ, വാർഡ് മെമ്പർ അഷ്ടപാലൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിജു, ഷിബുനാഥ് എന്നിവർ സ്ഥലത്തെത്തി. കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. തത്കാലം വീടിനടുത്ത് തന്നെ നാട്ടുകാരുടെ സഹായത്തോടെ താത്കാലിക ഷെഡ് നിർമ്മിച്ച് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.