തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം സർക്കാർ അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ആവശ്യപ്പെട്ടു. റെയിൽവേ പോർട്ടർമാർ, ചുമട്ടുതൊഴിലാളികൾ, ഓട്ടോ - ടാക്‌സി തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, പ്ലാന്റേഷൻ, ടൂറിസം മേഖലയിലെ തൊഴിലാളികൾ എന്നിവർ ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരത്ത് റെയിൽവേ പോർട്ടർമാർക്ക് ഫേസ് ഷീൽഡുകളും മാസ്‌കും സാനിറ്റൈസറുകളും നൽകി അദ്ദേഹം നിർവഹിച്ചു. എ.എസ്. ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൾ സലാം, ആർ.എസ്. വിമൽ കുമാർ, ജോയി, വഴിമുക്ക് സെയ്യദലി, വെട്ടുറോഡ് സലാം, മലയം ശ്രീകണ്ഠൻ നായർ, വി.ലാലു, സുഭാഷ്, ഹാജാ നസിമുദ്ദീൻ, പ്രഭ, വള്ളക്കടവ് ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.