dddd

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ പൊലീസ് നിയന്ത്രണം തുടരുകയാണ്. പൊതുവായ ഇളവുകൾ അനുവദിക്കുന്നുണ്ടെങ്കിലും സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് പൊലീസ് പിഴയീടാക്കുന്നുണ്ട്. നെടുമങ്ങാട് ആശുപത്രിയിലേക്ക് പോയ രോഗിയിൽ നിന്ന് സത്യവാങ്മൂലം ഇല്ലെന്ന പേരിൽ പൊലീസ് പിഴയീടാക്കിയെന്ന ആക്ഷേപവും ഉയർന്നു. തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങൾ വരുന്നതിനാൽ കേരളവും ജില്ലാ അതിർത്തിയിലെ ചെറുവാരക്കോണം, പളുകൽ, ചല്ലിമുക്ക്, കടമ്പാട്ടുകോണം, തട്ടത്തുമല എന്നിവിടങ്ങളിലെ റോഡുകൾ തുറന്നിട്ടില്ല. ഇഞ്ചിവിള വഴിയുള്ള ഗതാഗതം മാത്രമേ ഇപ്പോഴും നടക്കുന്നുള്ളൂ. കണ്ടെയിൻമെന്റ് മേഖലകളിലേക്കുള്ള പ്രധാന റോഡുകളടക്കം അടച്ചതിനാൽ രോഗികളുമായെത്തുന്ന ആംബുലൻസുകളടക്കം ബുദ്ധിമുട്ടുന്നു. നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കണ്ടെയിൻമെന്റ് മേഖലകളിൽ അടയ്ക്കാത്ത പ്രധാന റോഡുകളും ഇടറോഡുകളുമാണ് ഇപ്പോൾ അടച്ചത്. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കണ്ടെയ്ൻമെന്റ് മേഖല മാറിയതിന് ശേഷം നിയന്ത്രണങ്ങൾ നീക്കിയാൽ മതിയെന്നാണ് അധികൃതരുടെ നിർദ്ദേശം. വട്ടിയൂർക്കാവ്, കാച്ചാണി, വള്ളക്കടവ്, കോവളം ദേശീയപാത, അമ്പലത്തറ, പരുത്തിക്കുഴി, വെള്ളാർ, കരമന-കാലടി ജംഗ്ഷൻ, സോമൻ നഗർ, വഞ്ചിയൂർ, ശ്രീകാര്യം, കിള്ളിപ്പാലം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.