കാട്ടാക്കട: ട്രിപ്പിൾ ലോക്ക് ഡൗൺ മാറിയെങ്കിലും കാട്ടാക്കടയിൽ രണ്ടാഴ്ച കൂടി കർശന നിയന്ത്രണം തുടരാൻ സർവകക്ഷിയോഗം തീരുമാനിച്ചു. കാട്ടാക്കടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ന് മുതൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ എട്ട് മുതൽ 11വരെ മാത്രം പ്രവർത്തിക്കും. ഇറച്ചിക്കടകൾ ഞായറാഴ്ച ഉച്ചയ്ക്ക് 11വരെ മാത്രം പ്രവർത്തിക്കാം. വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്സ് കടകൾ എന്നിവ ശനി, ഞായർ ദിവസങ്ങളിൽ നാല് മണി വരെയും പ്ലംബിംഗ് ഇലക്ടിക് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും തുറക്കും. പഞ്ചായത്തിലെ ഇടറോഡുകൾ തുറക്കില്ല. ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രസിഡന്റ് കെ. അനിൽ കുമാർ അറിയിച്ചു. പഞ്ചായത്തിൽ ആകെ 279 പേരാണ് ചികിത്സയിലുള്ളത്.