കോവളം: കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ശക്തമായതോടെ ഓട്ടോ - ടാക്സി തൊഴിലാളികൾ ദുരിതത്തിലായി. നിത്യവരുമാനം നിലച്ച ഇവർ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. കഴിഞ്ഞ വർഷം ക്ഷേമനിധി ബോർഡിൽ നിന്ന് സഹായം ലഭിച്ചതുമാണ് ആകെ ആശ്വാസമായത്. ഓട്ടമില്ലാതായതോടെ കഴിഞ്ഞ ലോക്ക് ഡൗണിൽ പലരും മറ്റു തൊഴിൽമേഖലകൾ തേടിപ്പോയിരുന്നു. പലരും പാതയോരങ്ങളിലും മറ്റും ഓട്ടോകളിൽ പച്ചക്കറിയും പഴങ്ങളും ബിരിയാണിയും വിറ്റാണ് വരുമാനം കണ്ടെത്തിയത്. ഇന്ധനവില വർദ്ധനയിൽ നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വീണ്ടും വില്ലനായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ അടഞ്ഞുകിടക്കുന്നതും ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമാണ് ഇവർക്ക് തിരിച്ചടിയായത്. കൂടുതൽപേരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. രാവിലെ മുതൽ രാത്രി വൈകുംവരെ കാത്തിരുന്നാലും ചെലവുകാശ് പോലും കിട്ടുന്നില്ല. വായ്പയെടുത്ത് വാഹനം വാങ്ങിയ പലരുടെയും വായ്പ അടവ് മുടങ്ങി. ലോക്ക്ഡൗൺ അവസാനിച്ചാലും തങ്ങളുടെ ജീവിതങ്ങൾ പഴയ ട്രാക്കിൽ കയറാൻ എത്രമാസമെടുക്കുമെന്ന ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്.
ടൂറിസം കേന്ദ്രങ്ങൾ അടച്ചതും
തിരിച്ചടിയായി
കൊവിഡിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ പൂട്ടിയതും ഇവർക്ക് തിരിച്ചടിയായി. ടെമ്പോ ട്രാവലർ, ഓട്ടോ ഗുഡ്സ് രംഗങ്ങളിലുള്ളവരുടെയും ജീവിതം പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു വർഷമായി കോവളത്തെ ടാക്സി, ആട്ടോ ഡ്രൈവേഴ്സ് ദുരിതത്തിലാണ്. 200ഓളം ടാക്‌സികളും 300ഓളം ഓട്ടോകളുമാണ് കോവളം ലൈറ്റ് ഹൗസ്, ഹൗവാ ബീച്ച്, സമുദ്രാ ബീച്ച്, പാലസ് ജംഗ്ഷൻ എന്നിവിടങ്ങളിലായി സർവീസ് നടത്തിയിരുന്നത്.
പ്രതിസന്ധിക്ക് കാരണം
---------------------------------------------
1. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ
2. കൊവിഡ് വ്യാപന ഭീതി
3. ആളുകൾ പുറത്തിറങ്ങാറില്ല
4. ഇന്ധനവില വർദ്ധന
5. ദീർഘദൂര സർവീസും നിലച്ചു
ജില്ലയിലെ ഓട്ടോഡ്രൈവർമാർ -10,000
ജില്ലയിലെ ടാക്‌സി ഡ്രൈവർമാർ - 2000
പ്രതികരണം
------------------------
കഴിഞ്ഞ വർഷം ക്ഷേമനിധി ബോർഡിൽ നിന്ന് 2000 രൂപ നൽകിയെങ്കിലും ഇക്കൊല്ലം യാതൊരു സഹായവും ലഭിച്ചിട്ടില്ല. വർഷത്തിലൊരിക്കൽ ഇൻഷ്വറൻസ് ടാക്‌സ് ഇനത്തിൽ 70,000ത്തോളം രൂപയാണ് വേണ്ടിവരുന്നത്. സർക്കാർ ഇടപെട്ട് അടിയന്തരമായി ഇൻഷ്വറൻസ് തുകയിൽ ഇളവുകൾ നൽകണം.
വി. ചന്ദ്രൻ, സെക്രട്ടറി, ആട്ടോ, ടാക്‌സി, ഡ്രൈവേഴ്സ്
വെൽഫെയർ അസോസിയേഷൻ, ഹൗവാ ബീച്ച്, കോവളം