d
തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന് അല്പം അയവ് നൽകി ഇന്നലത്തെ കൊവിഡ് കണക്കുകൾ.

തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന് അല്പം അയവ് നൽകി ഇന്നലത്തെ കൊവിഡ് കണക്കുകൾ. 4000ത്തിന് മുകളിൽ രോഗികളുണ്ടായിരുന്ന ജില്ലയിൽ ഇന്നലെ 2700 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ജില്ലയിൽ 34116 പേർക്കാണ് രോഗബാധയുണ്ടായത്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.1 ശതമാനമാണ്. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ 4869 പേർ രോഗമുക്തരായി. 18,504 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,572 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ പുതുതായി 5,609 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 87,945 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 7,374 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി. ഇന്നലെ 12239 സാമ്പിളുകളാണ് പരിശോധിച്ചത്.

 പ്രതിരോധം വിലയിരുത്താൻ കളക്ടർ യോഗം ചേ‌ർന്നു

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതൽ നിൽക്കുന്ന 43 പഞ്ചായത്തുകളുടെയും ഇവ ഉൾപ്പെട്ടുവരുന്ന 11 ബ്ലോക്ക് പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുമായി ഇന്നലെ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഓൺലൈൻ യോഗം നടത്തുകയും പഞ്ചായത്ത്,​ ബ്ലോക്ക് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ ടി.പി.ആർ കുറയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കളക്ടർ നിർദ്ദേശം നൽകി. കൂടാതെ ഈ പഞ്ചായത്തുകളിൽ കൊവിഡ് പരിശോധന വ്യാപകമായ രീതിയിൽ വർദ്ധിപ്പിക്കാനും കോൺടാക്റ്റ് ട്രെയ്സിംഗ് ശക്തിപ്പെടുത്താനും ക്വാറന്റൈൻ സജ്ജീകരണങ്ങൾ കൂട്ടാനും നിർദ്ദേശമുണ്ട്. വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഇതിൽ കൂടുതൽ വോളന്റിയർമാരുടെ സേവനം ഉറപ്പാക്കണം. ക്വാറന്റൈൻ ഫെസിലിറ്റി ഇല്ലാത്തവർക്കായി കൂടുതൽ ഡി.സി.സികളും, സി.എഫ്.എൽ.ടി.സികളും സജ്ജീകരിക്കുക, ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ കൂടുതൽ സാമൂഹിക അടുക്കളകൾ സജ്ജീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കളക്ടർ നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികൾ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും അവയ്ക്ക് വേണ്ട നടപടികൾ ചെയ്യാൻ ഡി.എം.ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 ജില്ലയിൽ 10 ദിവസത്തിനിടെ രോഗം ബാധിച്ചവർ - 34116

 ഇന്നലത്തെ കൊവിഡ്

രോഗികൾ - 2700

രോഗമുക്തി - 4869

സമ്പർക്ക രോഗികൾ - 2,572

ആകെ രോഗികൾ - 18,504

നിരീക്ഷണത്തിലുള്ളവർ - 87,945

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 23.1%