കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയും ചില വാർഡുകൾ കണ്ടെയ്മെന്റ് സോണായി കളക്ടർ പ്രഖ്യാപിക്കുകയും ചെയ്തിട്ടും അടയ്ക്കാത്ത റോഡുകൾ ജില്ലയിൽ ട്രിപ്പിൾ ലോക്ക് നിലവിൽ വന്നതോടെ അടച്ചതിൽ വ്യാപക പ്രതിഷേധം.
കല്ലമ്പലം - നഗരൂർ റോഡിൽ പുല്ലൂർമുക്കിൽ നിന്നും കുഞ്ചുതടത്തിലേക്ക് പോകുന്ന ഇടറോഡിന് കുറുകെ കൂറ്റൻ മരം കൊണ്ടുവന്നിട്ട് അടച്ചതാണ് പ്രതിഷേധത്തിന് കാരണം. പഞ്ചായത്തിലെ ഇടറോഡുകൾ ഇത്തരത്തിൽ അടച്ചതിനാൽ അത്യാസന്ന രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്നതിന് തടസം നേരിട്ടു. കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്ത സാഹചര്യത്തിൽ അഗ്നിശമന സേനയുടെയും കെ.എസ്.ഇ.ബിയുടെയും വാഹനങ്ങൾ കടന്നുപോകേണ്ട അത്യാവശ്യ ഘട്ടത്തിൽ പത്താൾ എടുത്താൽ പോലും പൊങ്ങാത്ത മരം കൊണ്ട് റോഡടച്ചതിൽ നാട്ടുകാർ ക്ഷുഭിതരായി. നിരവധി പാലിയേറ്റീവ് രോഗികൾക്കും, ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് നടത്തേണ്ട രോഗിക്കും, ഗർഭിണികളായ 3 യുവതികൾക്കും റോഡുകളടച്ചതിനാൽ ആശുപത്രിയിലെത്താൻ തടസം നേരിട്ടതായും ആക്ഷേപമുണ്ട്. സംഭവം എം.എൽ.എമാരായ വി. ജോയിയുടെയും, ഒ.എസ് അംബികയുടെയും ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ വച്ചിരുന്ന കൂറ്റൻ മരം നീക്കം ചെയ്തു.