പാറശാല: മൂവോട്ടുകോണത്തിന് സമീപം ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. മൂവോട്ടുകോണം മാങ്കാല പുത്തൻവീട്ടിൽ സുഭാഷ് കുമാർ - ശാന്തകുമാരി ദമ്പതികളുടെ മകൻ ശരൺകുമാറിനാണ് (11) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ വീടിന്റെ അടുക്കള ഭാഗത്ത് നിൽക്കുമ്പോൾ ഇടിമിന്നലിൽ ഷോക്കേറ്റ് തറയിൽ വീഴുകയായിരുന്നു.
ശരൺകുമാറിന്റെ ശരീരത്തിൽ പൊള്ളലേറ്റതോടെ ഉടൻ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇടിമിന്നലിൽ വീട്ടിലെ ഉപകരണങ്ങൾക്കെല്ലാം കേടുപാടുണ്ട്. സമീപത്തെ ടയർ കടയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ഇടിമിന്നലിൽ നശിച്ചു.