ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ രോഗികളെ വീട്ടിലെത്തി ചികിത്സിക്കുന്ന സുശാന്ത് എന്ന യുവഡോക്ടറുടെ വിവാഹവും സമൂഹത്തിന് പുതുസന്ദേശമാകുന്നു. മുഴുവൻ സമയവും നാടിനായി പ്രവർത്തിച്ചാണ് ഡോ. സുശാന്ത് ശ്രദ്ധേയനായത്. ഈ മാസം 26ന് നടക്കുന്ന വിവാഹത്തിന്റെ ഭാഗമായാണ് സുശാന്ത് വാക്സിൻ ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ കൈമാറിയത്. വ്യാപാരി വ്യവസായി ബാലരാമപുരം യൂണിറ്റ് ഭാരവാഹിയും എസ്.എൻ ഗ്ലാസ് ഹൗസ് ആൻഡ് എസ്.എൻ പെയിന്റ്സ് ഉടമ വി. സുധാകരൻ-എസ്. ഷീബ ദമ്പതികളുടെയും മകനാണ് ഡോ. സുശാന്ത് സുധാകരൻ. തുകയടങ്ങിയ ചെക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജയുടെയും അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സോമന്റെയും സാന്നിദ്ധ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി.