നെടുമങ്ങാട്: കിള്ളിയാറിന്റെ പ്രധാന കൈവഴിയായ കാക്കത്തോടിന്റെ കരയിടിഞ്ഞതിനെ തുടർന്ന് കല്ലിംഗലിൽ വെള്ളപ്പൊക്ക ഭീഷണിയിൽ. കഴിഞ്ഞ ദിവസത്തെ കുത്തൊഴുക്കിൽ ഇരുവശത്തെയും കല്ലുക്കെട്ടുകൾ തകർന്നു. ശേഷിക്കുന്ന കരഭാഗത്തും വിള്ളൽ വീണ അവസ്ഥയാണ്. മഴ തുടർന്നാൽ കല്ലിംഗൽ പ്രദേശത്തെ വീടുകളിലും ഗ്രീൻലാൻഡ് ഓഡിറ്റോറിയം ഉൾപ്പെടുന്ന സ്ഥാപനങ്ങളിലും വെള്ളം കയറാനിടയുണ്ട്. തകർന്നുപോയ ഇരുവശങ്ങളും അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എയും ഭക്ഷ്യ മന്ത്രിയുമായ ജി.ആർ. അനിൽ കാക്കത്തോട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഇറിഗേഷൻ, റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നെടുമങ്ങാട് സബ് കളക്ടർ ചേതൻകുമാർ മീണ, മുൻ നഗരസഭാചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.