തിരുവനന്തപുരം: കേരളത്തിലെ ചെരുപ്പുകട ഉടമകൾ പ്രതിസന്ധി മൂലം ആത്മഹത്യയുടെ വക്കിലാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, സംസ്ഥാന ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു. 25,000ൽ അധികം ചെരുപ്പുകടകൾ കേരളത്തിൽ ഏതാനും ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കടകൾ അടച്ചിട്ടതിന്റെ പേരിൽ ഉപയോശൂന്യമായ ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയിൽ നിന്ന് മാത്രം 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ബാങ്കിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും വായ്പയെടുത്താണ് പലരും കച്ചവടം തുടങ്ങിയത്. ഇവയുടെ തവണകൾ പോലും തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. കച്ചവട സാധനങ്ങൾ നശിച്ചുപോകുന്നതും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെരുന്നാൾ പ്രമാണിച്ച് ശേഖരിച്ച ചെരുപ്പുകളിൽ കൂടുതലും ഹാൻഡ് മെയ്ഡ് ഫാൻസി ചപ്പലുകളാണ്. ഇത്തരം ചെരുപ്പുകളുടെ സ്റ്റോക്കുകൾ കാലാവസ്ഥയ്ക്കനുസരിച്ച് പരിപാലിച്ചില്ലെങ്കിൽ പശ ഇളകിപ്പോകാനും,​ ഫംഗസ് പിടിക്കാനും സാദ്ധ്യതയുണ്ട്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ചെരുപ്പ് കടകൾക്ക് നിയന്ത്രണവിധേയമായി പ്രവർത്തിക്കാനുള്ള അനുവാദം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.