കുറ്റിച്ചൽ: കോരിച്ചൊരിയുന്ന മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് എം.എൽ.എയും സംഘവും ആദിവാസി ഊരിൽ. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ ആദിവാസി ഊരായ പൊടിയത്തേക്ക് ഐ.ടി.ഡി.പിയുടെ പരിപാടിയുടെ ഭാഗമായിട്ടാണ് ജി. സ്റ്റീഫൻ.എം.എൽ.എയും ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുമെത്തിയത്.
സെറ്റിൽമെന്റുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. പട്ടിക വർഗ വകുപ്പിന്റെ ഫുഡ് സപ്പോർട്ട് പദ്ധതിയുടെ ഭാഗമായി സെറ്റിൽമെന്റുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ഭഷ്യക്കിറ്റും മാസ്കും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്തു. കടുത്ത മഴയെ അവഗണിച്ച് ഏത് നിമിഷവും മലവെള്ളം കുത്തിയൊലിച്ച് വന്നേക്കാവുന്ന പാതയിലൂടെയും വന്യമൃങ്ങളുള്ള കാട്ടിലൂടെയുമായിരുന്നു സംഘത്തിന്റെ യാത്ര. ശരിക്കും ഈ ദിവസം തന്നെ എത്താനായതിനാൽ ഇവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടുതൽ അടുത്തറിയാൻ സാധിച്ചതായി ജി. സ്റ്റീഫൻ.എം.എൽ.എ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആദരവ് കിട്ടിയ ഭിന്നശേഷിക്കാരനായ സുരേന്ദ്രൻ കാണിയുടെ വീട്ടിലും സന്ദർശിച്ചാണ് എം.എൽ.എയും സംഘവും മലയിറങ്ങിയത് .കുറ്റിച്ചൽ പഞ്ചാത്ത് പ്രസിഡന്റ് മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം മിനി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഐ.ടി.ഡി.പി ഉദ്യോഗസ്ഥരായ റഹീം, ദിവ്യ, പ്രമോട്ടറർമാർ, എ.കെ.എസ് ഭാരവാഹികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.