
തിരുവനന്തപുരം: കണ്ണുവെട്ടിച്ച് പ്രളയ താണ്ഡവമാടാൻ ഇനി
അണക്കെട്ടുകൾ ഇടവരുത്തില്ല. ഓരോ ഡാമിലെയും ജലനിരപ്പ് ഓരോ ദിവസവും വിലയിരുത്തി കരുതൽ നടപടികൾ ഡാമിലും നദികളുടെ തീരങ്ങളിലും സ്വീകരിക്കും. മുന്നറിയിപ്പുകൾ നൽകും. തീരങ്ങളിൽ പാർക്കുന്നവരെ ഒഴിപ്പിക്കാൻ നിർദേശം നൽകും.
ജൂൺ ഒന്നിന് സുരക്ഷാ അതോറിട്ടി ഡാമുകളുടെ കടിഞ്ഞാൺ ഏറ്റെടുക്കുകയാണ്. 2018ലെ വൻ പ്രളയത്തിന് ശേഷമാണ് ഈ സംവിധാനമുണ്ടായത്.
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്കാണ് മേൽനോട്ടം. ജില്ലകളിൽ ഡാം സുരക്ഷാ സമിതിയായി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമുണ്ട്. കെ.എസ്.ഇ.ബി.യുടെ നിയന്ത്രണത്തിലുള്ള 22 വൻകിട അണക്കെട്ടുകൾക്ക് ഒാരോന്നിനും എമർജൻസി ആക്ഷൻ പ്ളാൻ തയ്യാർ.
ജൂൺ ഒന്നുമുതൽ ദിവസവും ജലനിരപ്പ് പരിശോധിക്കും.ജലം എത്ര തോതിൽ ഒഴുക്കിവിട്ടാൽ ഏതെല്ലാം നദികൾ ഏതൊക്കെ പ്രദേശത്ത് എത്ര അടി ഉയരത്തിൽ കരകവിയുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതാണ് റൂൾ കർവ്. മഴയുടെ തോത് അനുസരിച്ച് ഇതിൽ മാറ്റം വരാം.റൂൾ കർവിനെ അടിസ്ഥാനമാക്കി നീല,ഒാറഞ്ച് ,ചുവപ്പ് അലർട്ടുകൾ നൽകാൻ പരിധി നിശ്ചയിച്ചിട്ടുണ്ട്.ഇത് കളക്ടറുടെ സമിതിക്ക് ജൂൺ ഒന്നിന് മുമ്പ് കൈമാറും.
ഓരോ ദിവസവും ജലനിരപ്പും തുറന്നു വിടേണ്ടിവന്നാൽ അതിന്റെ തോതും അറിയിക്കും.വൈകിട്ട് ആറു മുതൽ പുലർച്ചെ ആറുവരെയുള്ള സമയങ്ങളിൽ ഡാം തുറന്ന് വിടാൻ പാടില്ല.
വൻകിട അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കക്കി, ആനത്തോട്, ബാണാസുര സാഗർ എന്നിവയ്ക്ക് പ്രത്യേക നിയന്ത്രണ സംവിധാനം.ഇവയിലെ സംഭരണനില 35ശതമാനമാക്കി നിലനിറുത്തിയിരിക്കുകയാണ്.
കാവലാളായി ഇവർ
#ഡാമിന്റെ ജലനിരപ്പ് വിലയിരുത്തുന്നത് കെ.എസ്.ഇ.ബി എൻജിനീയർ
# കെ.എസ്.ഇ.ബി സേഫ്ടി ഓഫീസർക്ക് കൈമാറുന്ന റിപ്പോർട്ട്
ചീഫ് എൻജിനീയറുടെ മുന്നിൽ
# റിപ്പോർട്ട് കളക്ടർ ചെയർമാനായ സേഫ്ടി കമ്മിറ്റിക്ക്.
കെടുതി ജില്ലാതലത്തിൽ ഒതുങ്ങുന്നതാണെങ്കിൽ തീരുമാനം
# വ്യാപ്തിയും ആഘാതവും കൂടുന്നതാണെങ്കിൽ ചീഫ് സെക്രട്ടറി, പവർ സെക്രട്ടറി, കെ.എസ്. ഇ.ബി.ചെയർമാൻ, ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതി നിയന്ത്രണം ഏറ്റെടുക്കും
#അണക്കെട്ടുകളിൽ
വൈദ്യുതിക്കുള്ള
കരുതൽ ജലം
2021: 1436.40 ദശലക്ഷം യൂണിറ്റിന്
2020: 1226.52 ദശലക്ഷം
2019: 855.33 ദശലക്ഷം
#മഹാപ്രളയം
2018 ആഗസ്റ്റ് 8- 20
483:മരണം
150: കാണാതായർ
35000:കോടിയുടെ നഷ്ടം
# കാലവർഷം
2021: 220 സെ.മീ.(പ്രതീക്ഷിക്കുന്നത്)
2020: 222.79 സെ.മീ.
2019: 230.99 സെ.മീ.
2018: 251.57 സെ.മീ.