kattana

പേരാവൂർ: കുറച്ച് ദിവസങ്ങളായി പെരുമ്പുന്ന ജനവാസമേഖലയിൽ കാട്ടാനകളുടെ വിളയാട്ടം രൂക്ഷം. ശനിയാഴ്ച രാത്രി പുഴ കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം മൈത്രി ഭവന് സമീപത്തെ തെങ്ങുമ്പള്ളി ബേബിയുടെ പറമ്പിലെ നിരവധി വാഴകൾ നശിപ്പിച്ചു. കാട്ടാനശല്യം രൂക്ഷമായതോടെ ആളറം, പാലപ്പുഴ മണത്തണ മലയോര ഹൈവേയിലൂടെയുള്ള രാത്രിയാത്രയും ഭീതിജനകമായി.

ആറളം ഫാമിന് പിന്നാലെ പഞ്ചായത്തിലെ ജനവാസ മേഖലയിലും കാട്ടാനക്കൂട്ടമെത്തി കൃഷിനാശം വരുത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. പെരുമ്പുന്ന ജനവാസ മേഖലയിൽ കഴിഞ്ഞ ഒരാഴ്ച്ചയോളമായി കാട്ടാന ശല്യം രൂക്ഷമായിട്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് അധികൃതർക്ക് കഴിയുന്നില്ല. ബാവലിപ്പുഴ കടന്നാണ് കാട്ടാനകൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതയ്ക്കുന്നത്.

രണ്ടു ദിവസം മുമ്പ് വിയറ്റ്നാം പ്രദേശത്ത് ഇറങ്ങിയ കാട്ടാനകൾ നിരവധി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കണ്ണന്താനം ജോസ്, കണ്ണന്താനം ജെയ്സൺ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നീ വിളകളും നശിപ്പിച്ചിരുന്നു.

ആറളം ഫാമിലെ കാർഷിക മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടങ്ങൾ പുഴ കടന്നാണ് ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്. 20 ഓളം ആനകൾ ഫാമിന്റെ കൃഷിയിടത്തിൽ വിവിധ ബ്ലോക്കുകളിലായി കറങ്ങി നടക്കുകയാണ്. ഇതിൽ മൂന്നും നാലും ആനകളാണ് പുഴയോരങ്ങളിലൂടെയും മറ്റുമായി ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്നത്.

രണ്ടു മാസം മുമ്പ് ആറളം ഫാം ജീവനക്കാരും, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം അധികൃതരും ചേർന്ന് 18ഓളം ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇവയെല്ലാം തന്നെ വിവിധ ഘട്ടങ്ങളിലായി ഫാമിനകത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ആനമതിൽ തകർന്ന ഭാഗത്ത് കൂടിയാണ് ഇവ ഫാമിനകത്തേക്ക് പ്രവേശിക്കുന്നത്.

കാട്ടാനകളെ പ്രതിരോധിക്കാൻ
നടപടി സ്വീകരിക്കണം


മുഴക്കുന്ന് പഞ്ചായത്തിലെ പെരുമ്പുന്ന, പാലപ്പുഴ, കണിച്ചാർ പഞ്ചായത്തിലെ മടപ്പുരച്ചാൽ, ഓടന്തോട് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പും സർക്കാർ സംവിധാനങ്ങളും, പഞ്ചായത്ത് ഭരണസമിതികളും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബൈജു വർഗീസ് പറഞ്ഞു. ആന ഇറങ്ങുന്ന വഴികളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയോ, ആനശല്യം ഒഴിവാക്കാൻ മറ്റ് അടിയന്തിര നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് കുമാർ, യു.ഡി.എഫ് കൺവീനർ വി. രാജു, വാർഡ് അംഗം സിബി ജോസഫ് എന്നിവരും ഉണ്ടായിരുന്നു. കൃഷി നാശമുണ്ടായ സ്ഥലങ്ങൾ നേതാക്കൾ സന്ദർശിച്ചു.