harber

മാഹി: ചോമ്പാല ഹാർബറിൽ വിലക്ക് ലംഘിച്ച് മത്സ്യബന്ധനം നടത്തിയ നാല് ബോട്ടുകൾക്കെതിരെയും പുറത്ത് നിന്ന് മത്സ്യം വിൽപ്പന നടത്തിയ വ്യക്തിക്കെതിരെയും ഹാർബറിൽ മത്സ്യം കയറ്റിയ വാഹനത്തിന് എതിരേയും കേസെടുത്തു. കൊവിഡ് 19 പോസിറ്റീവ് നിരക്ക് ഉയർന്ന നിലയിൽ ആയതിനാൽ ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ മാസം 30 വരെ ഹാർബറിന്റെ പ്രവർത്തനം നിറുത്തി വെക്കാൻ കഴിഞ്ഞ ദിവസം ഹാർബറിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കടലിൽ പോയ തോണിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസിന് പഞ്ചായത്ത് സെക്രട്ടറി കൈമാറി. ചോമ്പാല പൊലീസ് എസ്.ഐ. കെ.വി. ഉമേഷൻ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ നടത്തിയ പരിശോധനയിലാണ് നടപടി എടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ചോമ്പാല പൊലീസ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ ഹാർബർ തുറക്കാൻ ആവശ്യമായ സഹായം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും വാഹനങ്ങൾ ഹാർബറിൽ വരാൻ പാടില്ല. നിർദ്ദേശം ലംഘിച്ചാൽ കേസ് എടുക്കും.