പൂവാർ: ശക്തമായ മഴയെത്തിയതോടെ മാലിന്യത്തിൽ മുങ്ങി തീരദേശം. ഇതോടെ പ്രദേശവാസികൾ രോഗഭീതിയുടെ പിടിയിലായിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളോ, ആരോഗ്യവകുപ്പോ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളോ ആരോഗ്യസംരക്ഷണ നടപടികളോ സമയബന്ധിതമായി നടപ്പാക്കാത്തത് രോഗവ്യാപന ഭീതി വർദ്ധിക്കാൻ ഇടയായെന്ന് നാട്ടുകാർ പറയുന്നു.
പൂവാർ മുതൽ അടിമലത്തുറ വരെയുള്ള തീരപ്രദേശങ്ങളിലാണ് വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. മഴ കടുത്തതോടെ മാലിന്യത്തോടൊപ്പം മലിനജലവും ജനവാസ മേഖലകളിൽ കെട്ടിക്കിടക്കുന്നുണ്ട്. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും അഴുക്കുചാലുകളിലും ഇത്തരത്തിൽ മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. ഈ ജലം ഒഴുക്കിക്കളയാൻ കഴിയാത്തതിനാലും ദിവസങ്ങൾ പഴക്കമുള്ളതിനാലും രൂക്ഷമായ ദുർഗന്ധം ഉള്ളതായും പ്രദേശവാസികൾ പറയുന്നുണ്ട്. മഴക്കാലത്ത് പല പകർച്ചവ്യാധികളും ആരംഭിക്കുന്നതും പടർന്നുപിടിക്കുന്നതും തീരദേശത്ത് നിന്നാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് കോളറ കണ്ടെത്തിയ തീരമാണ് കരുംകുളത്തെ പുതിയതുറ. അന്ന് പുതിയതുറ മുതൽ അടിമലത്തുറ വരെ രോഗം പടർന്നുപിടിച്ചിരുന്നു. രോഗം കണ്ടെത്തിയ ശേഷമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും പിന്നീട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാലിപ്പോൾ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകുമ്പോഴും തീരദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നതായി നാട്ടുകാർ പറയുന്നു. തീരദേശത്ത് വൻതോതിൽ മാലിന്യം നിറഞ്ഞതിനാൽ ഇവ മഴവെള്ളത്തിൽ കലർന്ന് പ്രദേശത്തെ ശുദ്ധജല ലഭ്യതയെയും ബാധിച്ചിട്ടുണ്ട്. ഇരയിമ്മൻതുറ, കരുംകുളം, പുതിയതുറ, പള്ളം, കൊച്ചുതുറ, പുല്ലുവിള, കൊച്ചുപള്ളി, കരിച്ചൽ, അമ്പലത്തുമൂല, അടിമലത്തുറ തുടങ്ങിയ തീരപ്രദേശങ്ങളിൽ മുഴുവൻ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഗ്രമാപഞ്ചായത്തകളും ആരോഗ്യവകുപ്പും മുൻകൈയെടുത്ത് ക്ലോറിനേഷൻ, ഫോഗിംഗ് പോലുള്ള അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും, മാലിന്യം നീക്കംചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കൂടാതെ തീരദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും വേണം.
ജനങ്ങളുടെ ഭീതി
പകർച്ചവ്യാധി ഭീഷണി
ഡെങ്കിപ്പനി പടരാനുള്ള സാദ്ധ്യത
ശുദ്ധജല ലഭ്യതയുടെ കുറവ്
മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം
മലിനജലം കെട്ടിക്കിടക്കുന്നത്
സർവത്ര മാലിന്യം
പ്രദേശവാസികൾ തീരത്തുപേക്ഷിക്കുന്ന പാഴ്‌വസ്തക്കളും മറ്റ് മാലിന്യങ്ങളും കൂടാതെ, ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഓടകളിലൂടെയും മറ്റും ഒഴുകിയെത്തുന്ന മാലിന്യങ്ങളും കടപ്പുറമാകെ നിറഞ്ഞ അവസ്ഥയാണ്. കടലിലേക്ക് വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ ചെറിയൊരംശവും കടൽ തീരത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ അടിഞ്ഞുകൂടിയ മാലിന്യം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പ്ലാസ്റ്റികും, മത്സ്യമാംസ അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ മാലിന്യത്തിലുണ്ട്. ഇവയെല്ലാം ചേർന്ന് തീരദേശത്തെ കൊതുകുകളുടെയും ഈച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ മാലിന്യം തെരുവ്നായ്ക്കൾ പെരുകുന്നതിനും കാരണമായിട്ടുണ്ട്.