പി.സി. വിഷ്ണുനാഥ് പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാഥനെ ഇന്ന് തിരഞ്ഞെടുക്കും. കുണ്ടറയിൽ നിന്നുള്ള എം.എൽ.എ പി.സി. വിഷ്ണുനാഥിനെ സ്പീക്കർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. തൃത്താലയിൽ നിന്നു ജയിച്ച എം.ബി. രാജേഷാണ് ഭരണമുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇരുവരും ഇന്നലെ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർക്ക് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 9നാണ് തിരഞ്ഞെടുപ്പ്.
എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനാർത്ഥിയായി സി.പി.എം നേരത്തേ തീരുമാനിച്ചിരുന്നു. ഇന്നലെ രാവിലെ ചേർന്ന യു.ഡി.എഫ് നിയമസഭാ കക്ഷിയോഗമാണ് വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. രണ്ടുതവണ പാലക്കാട്ട് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന എം.ബി. രാജേഷ്, നിയമസഭയിൽ ഇതാദ്യമായാണെത്തുന്നത്. പാർലമെന്റിലെ അനുഭവപരിചയമാണ് മുതൽക്കൂട്ട്. വിഷ്ണുനാഥ് 2006ലും 2011ലും ചെങ്ങന്നൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയിരുന്നു. ഇത്തവണ കുണ്ടറയിൽ മുൻമന്ത്രി മേഴ്സിക്കുട്ടി അമ്മയെയാണ് പരാജയപ്പെടുത്തിയത്.
എം.ബി. രാജേഷിനായി രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഒന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പേര് നിർദ്ദേശിക്കുകയും മന്ത്രി റോഷി അഗസ്റ്റിൻ പിന്താങ്ങുകയും ചെയ്തു. മറ്റൊന്നിൽ സി.പി.ഐ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരൻ പേര് നിർദ്ദേശിക്കുകയും ജെ.ഡി.എസ് കക്ഷിനേതാവ് മാത്യു ടി. തോമസ് പിന്താങ്ങുകയും ചെയ്തു. വിഷ്ണുനാഥിന് വേണ്ടി സമർപ്പിച്ചത് ഒരു സെറ്റ് പത്രികയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർദ്ദേശിക്കുകയും മുസ്ലിംലീഗ് കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പിന്താങ്ങുകയും ചെയ്തു. ഇന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ കക്ഷിനേതാക്കൾ അനുമോദിക്കും. തുടർന്ന് സ്പീക്കറുടെ മറുപടിയുമുണ്ടാകും.
സ്വതന്ത്ര ബ്ലോക്കിന്
കെ.കെ. രമ
നിയമസഭയിൽ വടകരയിൽ നിന്നുള്ള ആർ.എം.പി പ്രതിനിധി കെ.കെ. രമ, സ്വതന്ത്ര ബ്ലോക്കിനായി അവകാശമുന്നയിച്ച് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. യു.ഡി.എഫ് പിന്തുണയോടെയാണ് അവർ ജയിച്ചെത്തിയതെങ്കിലും യു.ഡി.എഫിന്റെ ഘടകകക്ഷിയല്ല ആർ.എം.പി. കൊല്ലപ്പെട്ട ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ പടമുള്ള ബാഡ്ജ് ധരിച്ച് ഇന്നലെ സഭയിലെത്തിയ രമ സഗൗരവം ദൃഢപ്രതിജ്ഞയാണെടുത്തത്.