rainy-disease

ജലവും വായുവും ദുഷിച്ച് രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മഴക്കാലത്ത് വളരെ കൂടുതലാണ്. കൊതുക് കാരണം മലമ്പനി,ഡെങ്കിപ്പനി,സിക്കാ,ചിക്കുൻ ഗുനിയ എന്നിവയും ജന്തുക്കൾ കാരണം എലിപ്പനി, വിരശല്യം തുടങ്ങിയവയും
വായുജന്യ രോഗങ്ങളായ പകർച്ചപ്പനി, ചെങ്കണ്ണ് അഞ്ചാം പനി തുടങ്ങിയവയും ജലജന്യമായ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവയുമാണ് മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്നത്.

അലർജി കാരണമുള്ള തുമ്മൽ, സൈനസൈറ്റിസ്, ശ്വാസം മുട്ടൽ എന്നിവയും വർദ്ധിക്കുന്ന കാലമാണിത്. കൊവിഡിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും പിന്നീട് കാണുന്ന ഫംഗസ് ബാധയും വർദ്ധിക്കുന്നതിന് മഴയും ഒരു കാരണമാണ്.

അപരാജിത ധൂമ ചൂർണ്ണം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ പുകയ്ക്കുന്നത് നല്ലതാണ്. ഗുഗ്ഗുലു, ചെഞ്ചല്യം, നാന്മുകപ്പുല്ല്, അകിൽ, എരിക്ക്, വയമ്പ്, വേപ്പ്, ദേവതാരം എന്നിവയുടെ ഔഷധക്കൂട്ടാണ് അപരാജിത ധൂമ ചൂർണ്ണം. അന്തരീക്ഷം അണുവിമുക്തമാക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.

രോഗങ്ങളെ ചെറുക്കാൻ...

ചുവരുകൾ ഈർപ്പ രഹിതമാക്കിവയ്ക്കുക. തുണികൾ നന്നായി ഉണക്കിയും തേച്ചും ഉപയോഗിക്കുക. തണുപ്പേൽക്കാത്ത വസ്ത്രങ്ങൾ ധരിക്കുക. രാത്രിയിലും മഴ പെയ്യുമ്പോഴും പ്രത്യേകിച്ച് വസ്ത്രധാരണം ശ്രദ്ധിക്കുക. എയർ കണ്ടീഷ്‌ണർ,ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. തണുത്ത കാറ്റ് ഏൽക്കുന്ന വിധമുള്ള യാത്രകൾ ഒഴിവാക്കുക. കുടിക്കാനും കുളിക്കാനും ചൂടുവെള്ളം ഉപയോഗിക്കുക, കുടിക്കാൻ ശുദ്ധ ജലം ഉറപ്പാക്കുക. പകൽ ഉറക്കം ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാരണങ്ങൾ.

കൈ കാലുകളിൽ മുറിവുള്ളവർ എലിയുടെ വിസർജ്ജ്യം കലരാൻ സാദ്ധ്യതയുള്ള വെള്ളവുമായി സമ്പർക്കമുണ്ടാകാതെ ശ്രദ്ധിക്കണം. മുൻകരുതലുകൾ സ്വീകരിക്കാതെ വെള്ളച്ചാലുകളിൽ ഇറങ്ങിയുള്ള ജോലി ഒഴിവാക്കണം. കുറുക്കൻ, വളർത്തു മൃഗങ്ങൾ എന്നിവയും എലിപ്പനി പകർത്താൻ കാരണമാകുമെന്ന കാര്യം മറക്കരുത്.

വളർത്തുമൃഗങ്ങളായ പട്ടി,പൂച്ച എന്നിവയെ അകറ്റി നിർത്തണം.
കൊതുകുകളുടെ പ്രജനനം തടയാൾ കൂട്ടായ പരിശ്രമം നടത്തുക.
മധുരം,പുളി,ഉപ്പ്,തണുപ്പ് എന്നീ രസങ്ങളുള്ളവ കുറയ്ക്കുക. കയ്പ്, എരിവ് ,ചൂട് എന്നിവയുള്ളവ ഉപയോഗിക്കുന്നതാണ് നല്ല.
രാമച്ചം ,പതിമുഖം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളം, കരിക്കിൻ വെള്ളം എന്നിവ മഴക്കാലത്ത് ഒഴിവാക്കുക.

തണുത്തതും തണുപ്പിച്ചവയും ഒഴിവാക്കണം. പാലും തൈരും ഒഴിവാക്കണം. ജീരകം, ചുക്ക്, അയമോദകം ഇവയിട്ട്‌ തിളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ കുടിക്കാൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഇക്കാര്യങ്ങൾ

ശ്രദ്ധിച്ചാൽ മഴക്കാലരോഗങ്ങൾ നല്ലൊരു പരിധി വരെ ഒഴിവാക്കാം.

പ്രതിരോധത്തിന്

ഔഷധക്കാപ്പി

അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിൽ പറയുന്നുണ്ട്. അതിലൊന്നാണ് ഔഷധക്കാപ്പി. രോഗ പ്രതിരോധത്തിന് പ്രയോജനകരമാണ് ഔഷധക്കാപ്പി. രോഗങ്ങളെ അകറ്റി ആരോഗ്യമുണ്ടാക്കാൻ ഔഷധക്കാപ്പിക്ക് പ്രത്യേകകഴിവുണ്ട്.

തുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്,കരുപ്പട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി രോഗപ്രതിരോധത്തിനും വളരെ നല്ലതാണ്. ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ടാൽ മതിയാകും. ഇലകൾ ഉണക്കാതെയും ചേർക്കാം.ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരം രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം. കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ എരിവ് കുറച്ച് വേണം തയ്യാറാക്കാൻ.
അസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും. തണുപ്പ് ,ദഹനക്കേട് എന്നിവയകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാക്കുന്നു.

ഔഷധക്കാപ്പിക്ക് ചുക്ക് കാപ്പി, പനിക്കാപ്പി, കരുപ്പട്ടിക്കാപ്പി എന്നൊക്കെ പേരുണ്ട്. നെയ്യ് ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം.
തൊണ്ടവേദന, ജലദോഷം, പനി, ചുമ എന്നിവയ്ക്ക് വളരെ നാളുകളായി കേരളീയരുടെ പ്രാഥമിക ഔഷധം ഇതാണ്. ഇപ്പോൾ ഈ ലക്ഷണങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ കൂടി വിലയിരുത്തേണ്ടതുണ്ട്.

കൊവിഡിനെ തുരത്താൻ ചികിത്സയേക്കാൾ പ്രതിരോധമാണ് ആവശ്യം. പകർച്ചവ്യാധിപ്രതിരോധത്തിന് പറ്റിയ ഏറ്റവും ചെലവു കുറഞ്ഞ ഔഷധ പാനീയമാണ് ചുക്ക് കാപ്പി.

അമൃതോത്തരം കഷായ ചൂർണ്ണം, ദശമൂല കടുത്രയം കഷായ ചൂർണ്ണം, ഷഡംഗചൂർണ്ണം എന്നീ ഔഷധങ്ങളുപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിൽ മധുരം ആവശ്യമുള്ളവർക്ക് കരുപ്പട്ടി ചേർത്ത് കുടിച്ചാലും ഔഷധക്കാപ്പിയുടെ പ്രയോജനം ലഭിക്കും.