ആറ്റിങ്ങൽ: താലൂക്കിലെ ടൂറിസ്റ്റ് വാഹന ഉടമകൾ കടക്കെണിയിൽ. കൊവിഡ് ആശങ്കയിൽ ജനം യാത്രകൾ റദ്ദ് ചെയ്തതാണ് ഇവരെ വലയ്ക്കുന്നത്. 2020 ജനുവരിക്ക് ശേഷം ഈ മേഖല തകർച്ചയിലാണ്. ടൂറുകൾ, ചെറു യാത്രകൾ, കല്യാണങ്ങൾ തുടങ്ങി എല്ലാകാര്യത്തിലും നിയന്ത്രണം വന്നതോടെ ആളുകൾ ടൂറിസ്റ്റ് ബസുകൾ വിളിക്കാതെയായി. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ മാത്രം 500 ടൂറിസ്റ്റ് ബസുകളാണുള്ളത്. ഇതിൽ 49 സീറ്റുള്ള വലിയ ബസുകൾ 150 എണ്ണമാണ്. ബാക്കി 30 സീറ്റും അതിന് താഴെയുമുള്ളതാണ്.
15 മാസത്തിലധികമായി ബസുകൾ ഓടിയിട്ട്. ഉടമകൾ പലരും കടക്കെണിയിലായി. ജീവനക്കാർ പച്ചക്കറി കച്ചവടവും മത്സ്യ കച്ചവടവും ഒക്കെയായി ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപ്പെടുകയാണ്.
2018 പ്രളയകാലം മുതൽ ടൂറിസ്റ്റ് ബസുകൾക്ക് കഷ്ടകാലമാണ്. നിപ്പ, രണ്ട് പ്രളയം, ശബരിമല വിഷയം തുടങ്ങി കൊവിഡ് വരെ എത്തി നിൽക്കുകയാണ് ഈ ദുരിത കാലം.
മിക്കവരും പലിശയ്ക്ക് പണമെടുത്താണ് ബസുകൾ വാങ്ങിയത്. പലിശ അടയ്ക്കാനാവാത്തത് കാരണം ഫിനാൻസ് കമ്പനികൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്ന നിലയിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. കൂടാതെ നികുതി, ഇൻഷ്വറൻസ്, ക്ഷേമനിധി എന്നിവയൊന്നും ഈ കാലയളവിൽ അടയ്ക്കാനായിട്ടില്ല. ഇതും ഉടമകൾക്ക് വലിയ ബാദ്ധ്യതയാവും.
സർക്കാർ ചില ആശ്വാസങ്ങളൊക്കെ ഈ മേഖലയിൽ നൽകിയെങ്കിലും അവയൊന്നും കടക്കെണി പരിഹരിക്കാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്.
മേഖലയെ ആശ്രയിച്ച് താലൂക്കിൽ - 70 ഉടമകളും
1000 ത്തോളം തൊഴിലാളികളും
ടാക്സ് അടയ്ക്കേണ്ടത്
49 സീറ്റുള്ള വാഹനങ്ങൾക്ക് മൂന്നു മാസം കൂടുമ്പോൾ - 36,750 രൂപ
പുഷ് ബാക്ക് സീറ്റുള്ളതിനാണെങ്കിൽ 49,000 രൂപ
ഇതിന് പുറമേ 85,000 രൂപ ഇൻഷ്വറൻസിനും 21,000 രൂപ ക്ഷേമനിധിയിലും ഓരോ വർഷവും അടയ്ക്കണം.
അനുവദിച്ച നികുതി ആനുകൂല്യങ്ങൾ
1. 2020 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ടാക്സിൽ 20 ശതമാനം ഇളവ് നൽകി
2. ജൂലായ് 1 മുതൽ സെപ്തംബർ 30 വരെ പൂർണമായി ടാക്സ് ഒഴിവാക്കി.
3. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 50 ശതമാനം ഇളവ് നൽകി
4. 2021 ജനുവരി 1 മുതൽ മാർച്ച് വരെ പൂർണമായി ഒഴിവാക്കി
പ്രശ്നം പ്രതിസന്ധിയിലേക്ക്
ഇളവുകളുള്ള സമയത്ത് ഒരു യാത്ര പോലും ഇതുവരെ നടക്കാത്തതിനാൽ ആനുകൂല്യം കഴിഞ്ഞുള്ളത് എങ്ങനെ അടയ്ക്കുമെന്നാണ് ഉടമകളുടെ ഇപ്പോഴത്തെ പ്രശ്നം.
വാഹനങ്ങളെല്ലാം ഒരു വർഷത്തിലധികമായി ഓടാതെ കിടക്കുകയാണ്. ലോക്ക് ഡൗൺ തീർന്നാൽ അറ്റകുറ്റപ്പണികൾ ചെയ്ത് നിരത്തിലിറക്കാൻ ഇൻഷ്വറൻസ് ഉൾപ്പെടെ കുറഞ്ഞത് രണ്ടു ലക്ഷം രൂപയെങ്കിലും വേണം.