ed

വർക്കല: ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷൻ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ ഫയർഫോഴ്സും പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി. ഇന്നലെ രാവിലെ 12ഓടെയാണ് വർക്കല സ്റ്റേഷൻവളപ്പിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്.

വെട്ടൂർ സ്വദേശിയായ യുവതിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് വെട്ടൂർ നിവാസികളായ ചിലരുടെ പരാതികളെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. കേസിന് ആസ്‌പദമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചശേഷം ഇവരെ പറഞ്ഞുവിട്ടു. പിന്നാലെയാണ് യുവതി മരത്തിൽ കയറിയത്.

പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് വർക്കല ഫയർ ആൻഡ് റെസ്‌ക്യു ടീം സ്ഥലത്തെത്തി വലയൊരുക്കിയ ശേഷം ഉദ്യോഗസ്ഥർ മരത്തിൽ കയറി ഇവരെ താഴെ ഇറക്കുകയായിരുന്നു. സി.ഐ ദ്വിജേഷ്, ഡിവൈ.എസ്.പി ബാബുകുട്ടൻ എന്നിവർ യുവതിയുമായി സംസാരിച്ച ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

അടുത്തിടെ വർക്കല മേൽവെട്ടൂരിൽ നിരവധി വീടുകളിൽ മോഷണം നടന്നിരുന്നു. വീടുകളുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് ഉടമകളുടെ ആരോപണം. മോഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഐ.ജിക്കും ഡിവൈ.എസ്.പിക്കും ഇവർ പരാതി നൽകിയ സാഹചര്യത്തിൽ വർക്കല പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് യുവതി ഉൾപ്പെടെ പലരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.