ty

വർക്കല: ചെമ്മരുതി പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു, അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചേ വടശ്ശേരിക്കോണം ആലുംമൂട്ടിൽ വിജി ഭവനിൽ ബാബുവിന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് നിലംപൊത്തിയത്. കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്ത് ഓടിട്ട വീടാണിത്. കാലപ്പഴക്കത്താൽ ഓടിട്ട ഭാഗത്തെ മേൽക്കൂര ദ്രവിച്ച അവസ്ഥയിലായിരുന്നു.

ബാബുവിന്റെ ഭാര്യ സുജാത, മകൻ സജിത്ത്, മകൾ വിജി, വിജിയുടെ മൂന്നുവയസുള്ള മകൻ എന്നിവരായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഹാളും ഒരു മുറിയും അടുക്കളയും ഉൾപ്പെട്ട ഓടിട്ട ഭാഗത്തെ മേൽക്കൂരയാണ് പൊളിഞ്ഞുവീണത്. ഈ മുറിയിലായിരുന്നു വിജിയും കുഞ്ഞും കിടന്നിരുന്നത്.

വീട്ടുകാർ എല്ലാം നല്ല ഉറക്കത്തിലായിരുന്നു. മേൽക്കൂര പൊളിഞ്ഞു വീണ ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു വീട്ടുകാർ. പൊളിഞ്ഞു വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട വിജിയും കുഞ്ഞും അത്ഭുതകരമായാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

ബാബുവിന്റെ മകൻ സജിത്ത് വീടിന് മുകളിലൂടെ താഴേക്കിറങ്ങിയാണ് സഹോദരിയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാബിറിൽ വിവരമറിയിച്ചതനുസരിച്ച് അഡ്വ. വി. ജോയി എം.എൽ.എ, റവന്യൂ അധികൃതർ സ്ഥലത്തെത്തി. കുടുംബത്തിന് വേണ്ട സഹായം നൽകുമെന്ന് എം.എൽ.എ അറിയിച്ചു.