തിരുവനന്തപുരം: ഉപഭോക്താക്കളെ വൻ തുകയുടെ ബില്ല് കാട്ടി വിരട്ടുന്ന കെ.എസ്.ഇ.ബിക്ക് 6.3 കോടിയുടെ മറുബില്ല് നൽകി സ്വകാര്യ കമ്പനി. വാങ്ങിയ വൈദ്യുതിക്ക് പണമടയ്ക്കാത്തതിന് ഇടുക്കിയിലെ സ്വകാര്യ ജലവൈദ്യുത യൂണിറ്റായ ഇൻഡസിൽ ഹൈഡ്രോ പവർ ആൻഡ് മാംഗനീസ് ലിമിറ്റഡ് കെ.എസ്.ഇ.ബിക്കെതിരെ സംസ്ഥാന റഗുലേറ്ററി കമ്മിഷനിൽ പരാതി നൽകി. അതേസമയം വൈദ്യുതി വാങ്ങിയെങ്കിലും ബിൽത്തുക കൂടുതലാണെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഇടുക്കിയിലെ കൂത്തുങ്കലിലാണ് 1990-ൽ സർക്കാർ ഇവർക്ക് സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ജലവൈദ്യുത പദ്ധതി അനുവദിച്ചത്. ഉത്പാദിപ്പിക്കുന്നതിൽ ഫാക്ടറിയിലെ ഉപയോഗത്തിനുശേഷം ബാക്കിവരുന്ന വൈദ്യുതിയാണ് കെ.എസ്.ഇ.ബിക്ക് നൽകിയിരുന്നത്. ഇൻഡസിൽ പവർയൂണിറ്റുമായി 1994 മുതൽ കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങൽ കരാറുണ്ട്. വില നിശ്ചയിച്ചതും കെ.എസ്.ഇ.ബിയാണ്.യൂണിറ്റിന് 5.50രൂപ. ഇത് ജൂലായ് മാസത്തിൽ ഒരുവർഷത്തെ കൂട്ടലും കിഴിക്കലും നടത്തി ഒത്തുതീർപ്പാക്കുന്നതായിരുന്നു നിലവിലെ രീതി. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് മുതൽ ജൂൺ വരെ ലോക്ക്ഡൗണായിരുന്നതിനാൽ കമ്പനി പ്രവർത്തിച്ചില്ല. ഇതോടെ ഉത്പാദിപ്പിച്ച മുഴുവൻ വൈദ്യുതിയും കെ.എസ്.ഇ.ബിക്ക് നൽകി. മൊത്തം 116,29,665 യൂണിറ്റ് വൈദ്യുതി ഇൗ കാലയളവിൽ കെ.എസ്.ഇ.ബി വാങ്ങിയെന്നാണ് കണക്ക്. ഇതിന്റെ പേരിൽ 6.3 കോടിയുടെ ബില്ലാണ് കമ്പനി നൽകിയത്. കെ.എസ്.ഇ.ബി. ഇത് അടയ്ക്കാത്തതോടെ
ഡിസംബറിൽ കമ്പനി റഗുലേറ്ററി കമ്മിഷനിൽ പരാതി നൽകി. ഇത്രയും വൈദ്യുതി തങ്ങളുടെ ഗ്രിഡിലേക്ക് വന്നത് അറിഞ്ഞില്ലെന്നാണ് കെ.എസ്.ഇ.ബി നൽകിയ വിചിത്രമായ വിശദീകരണം. കൊവിഡ്മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാൽ വൈദ്യുതി ഗ്രിഡിലേക്ക് ഇത്രയും വൈദ്യുതി എത്തുന്നത് അറിഞ്ഞിരുന്നെങ്കിൽ തടയുമായിരുന്നെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഇതല്ലാതെ മറ്റ് ന്യായങ്ങളോ തെളിവോ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് മാർച്ച് 5ന് റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. മറ്റ് ന്യായങ്ങളൊന്നുമില്ലെങ്കിൽ ഇത്രയും തുക കെ.എസ്.ഇ.ബി. നൽകേണ്ടിവരും.ഇനി ഇൗ ബില്ലിന്റെ പേരിൽ സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് സർചാർജ് ബിൽ നൽകുമോ എന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്.