cancer

മൂത്രവ്യവസ്ഥയിൽ ഏത് ഭാഗത്തും കാൻസറുകൾ വരാം. വൃക്കയിലുണ്ടാകുന്ന ട്യൂമറുകളിൽ ഭൂരിഭാഗവും കാൻസറുകളാണ്. ഏറ്റവും സാധാരണയായ വൃക്ക കാൻസർ കാർസിനോമയാണ്. മൂത്രത്തിൽ രക്തം, നടുവേദന, വയറ്റിൽ മുഴ, രക്തക്കുറവ്, ശരീരഭാരം കുറഞ്ഞുവരിക, വയറുവേദന, ഷോക്ക് (ട്യൂമറുകൾ പൊട്ടി രക്തപ്രവാഹം ഉണ്ടാകുമ്പോൾ) എന്നിവയാണ് രോഗലക്ഷണങ്ങൾ. മറ്റ് അസുഖങ്ങൾക്ക് വേണ്ടി പരിശോധിക്കുമ്പോഴാണ് 60 ശതമാനം വൃക്ക കാൻസറുകളും കാണുന്നത്. മൂത്രം, രക്തം മുതലായവയുടെ പരിശോധനകൾ, അൾട്രാസൗണ്ട് സ്കാനിംഗ്, സി.ടി സ്കാൻ, ബോൺ സ്കാൻ മുതലായ പരിശോധനകൾ രോഗനിർണയത്തിന് അനിവാര്യമാണ്.

വൃക്കയിൽ സാധാരണയായി കാണുന്ന മുഴകളിൽ പ്രധാനപ്പെട്ടത് റീനൽ സിസ്റ്റ് ആണ്. ഇത്തരം സിസ്റ്റുകളിൽ ചിലത് കാൻസറുകളാകാം.

വൃക്കയുടെ മുകൾഭാഗത്തുള്ള ഒരു ഗ്രന്ഥിയാണ് അഡ്രിനൽ ഗ്രന്ഥികൾ. അഡ്രിനൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ പലതരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാക്കാം. ഉയർന്ന രക്തസമ്മർദ്ദം ഇത്തരം മുഴകൾ കാരണമാകാം. അമി​തവണ്ണം, അമി​തമായ രോമവളർച്ച മുതലായവ അഡ്രിനൽ ട്യൂമറുകൾ കാരണമാകാം. അഡ്രിനൽ ട്യൂമറുകൾ കാൻസറുകളാകാം. മൂത്രം, രക്തം ഇവയുടെ പ്രത്യേക പരിശോധനകൾ, അൾട്രാ സൗണ്ട് സ്കാൻ, സി.ടി സ്കാൻ, ഐസോടോപ് സ്കാൻ മുതലായവ രോഗ നിർണയത്തിന് സഹായകരമാണ്.

മൂത്രസഞ്ചിയിലുണ്ടാകുന്ന ഏറ്റവും സാധാരണയായ കാൻസർ അതിന്റെ ആവരണത്തിൽ നിന്നുണ്ടാകുന്ന ടി.സി.സി കാൻസറാണ്. മൂത്രത്തിൽ രക്തം, മൂത്രതടസം, വൃക്കതടസം മുതലായവയാണ് രോഗലക്ഷണങ്ങൾ. മൂത്രത്തിന്റെ സൈറ്റോളജി അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, സിസ്റ്റോസ്കോപ്പി മുതലായവ രോഗനിർണയത്തിന് സഹായകരമാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ പുരുഷന്മാരിൽ സാധാരണമാണ്. മൂത്രതടസം, മൂത്രത്തിൽ രക്തം, കാലുകളിൽ നീര് വീക്കം, എല്ലുകൾക്ക് വേദന, വൃക്ക തടസം മുതലായവ രോഗലക്ഷണങ്ങളാണ്. മൂത്രത്തിലെയും രക്തത്തിലെയും ട്യൂമർ മാർക്കറുകൾ ഉദാഹരണമായി പി.എസ്.എ 1, അടിവയറ്റിന്റെ എം.ആർ.ഐ പരിശോധന, ബയോപ്‌സി മുതലായവ രോഗനിർണ്ണയത്തിന് സഹായിക്കും.

വൃഷണങ്ങളിലെ കാൻസർ കുട്ടികളിലും യുവാക്കളിലും സാധാരണയാണ്. വൃഷണങ്ങളിലെ ലിംഫോമ എന്ന കാൻസർ വയസായ പുരുഷന്മാരിൽ കണ്ടുവരുന്നു. രക്തത്തിലെ ട്യൂമർ മാർക്കറുകൾ, വൃഷണത്തിന്റെ അൾട്രാസൗണ്ട് സ്കാൻ, എം.ആർ.ഐ സ്കാൻ മുതലായവ രോഗനിർണ്ണയത്തിന് സഹായകരമാണ്. വൃഷണങ്ങളിലെ മുഴകൾ മേൽപറഞ്ഞ പരിശോധനകൾ വഴി കാൻസർ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

പുരുഷന്മാരിൽ ലിംഗത്തിൽ ഉണ്ടാകുന്ന കാൻസർ അത്ര അപൂർവ്വമല്ല. ലിംഗത്തിൽ ഉണ്ടാകുന്ന വൃണം, മുഴകൾ മുതലായവയിലൂടെ പ്രകടമാവാം. ബയോപ്സി വഴി രോഗനിർണയം നടത്താം. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ വഴി മൂത്രവ്യവസ്ഥയിലെ കാൻസറുകൾ രോഗനിർണയത്തിന് ഒരു പരിധിവരെ സഹായകരമാവാം.