ആറ്റിങ്ങൽ: കൊവിഡ് രോഗി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ആറ്റിങ്ങൽ എക്സൈസ് പിടികൂടി. സംഭവത്തിൽ ആലംകോടിനു സമീപം കൈതവന പുത്തലനഴികത്ത് വീട്ടിൽ ജയകുമാറിനെതിരെ (41) കേസെടുത്തു. കൊവിഡ് രോഗിയായതിനാൽ ഇയാളെ അറസ്റ്റുചെയ്‌തിട്ടില്ലെന്ന് സി.ഐ അജിദാസ് പറഞ്ഞു.
അവിവാഹിതനായ ഇയാൾ ഒറ്റയ്‌ക്ക് താമസിക്കുന്ന വീടിന്റെ സമീപത്തെ ഉപയോഗ ശൂന്യമായ ടോയ്‌ലെറ്റിലാണ് കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്. കൊവിഡ് ആയതിനാൽ ആരും വീട്ടിലേക്ക് ചെല്ലില്ലെന്ന വിശ്വാസത്തിൽ ചാരായം വാറ്റി വില്പന നടത്താനായിരുന്നു പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സി.ഐയ്‌ക്കു പുറമേ ഉദ്യോഗസ്ഥരായ ദീപക്, വിനു, സുർജിത്ത്, അജിത്കുമാർ, സിബി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പിടിച്ചെടുത്ത കോട നശിപ്പിച്ചു.